തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; ഉച്ചക്ക് തെരഞ്ഞെടുപ്പ് കമീഷണറുടെ വാർത്താസമ്മേളനം
text_fieldsതിരുവനന്തപുരം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസിലാണ് വാർത്താസമ്മേളനം. തീയതി പ്രഖ്യാപിച്ചാൽ ഇന്നുമുതൽ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വരും.
കഴിഞ്ഞ തവണ കോവിഡ് കാലമായിട്ടു കൂടി നവംബർ ആറിന് പ്രഖ്യാപനം നടന്നിരുന്നു. ഡിസംബർ എട്ട്, 10, 14 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായിട്ടായിരുന്നു വോട്ടെടുപ്പ്. 16ന് ഫലപ്രഖ്യാപനവും 21ന് പുതിയ ഭരണസമിതി നിലവിൽ വരുകയും ചെയ്തു.
അതിനിടെ, ഇത്തവണ പ്രഖ്യാപനം അനന്തമായി നീട്ടിയത് സർക്കാറിന്‍റെ വൻകിട പദ്ധതി പ്രഖ്യാപനങ്ങൾക്ക് വേണ്ടിയാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം മെട്രോ റെയിലും നബാര്‍ഡിന്റെ ഗ്രാമീണ അടിസ്ഥാന സൗകര്യവികസനത്തിനുള്ള 1441.24 കോടിയുടെ പദ്ധതികള്‍ക്ക് ഉന്നതാധികാര സമിതിയുടെ അംഗീകാരവും അടക്കമുള്ള വന്‍കിട പദ്ധതികള്‍ പ്രഖ്യാപിക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീളുന്നത് മറ്റു ചില വമ്പൻ പ്രഖ്യാപനങ്ങൾക്ക് വേണ്ടിയാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. വിജ്ഞാപനമിറങ്ങിക്കഴിഞ്ഞാല്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്താന്‍ സര്‍ക്കാറിന് കഴിയില്ല.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം അനുവദിച്ചിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
മുന്‍കാലങ്ങളില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു തദ്ദേശ സ്ഥാപന ഭരണസമിതികള്‍ അധികാരത്തില്‍ എത്തിയിരുന്നത്. പിന്നീടത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിലേക്ക് നീണ്ടു. കോവിഡ് കാലത്താണ് ഡിസംബര്‍ 21ലേക്ക് നീട്ടിയത്. സംസ്ഥാനത്തെ 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,580 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

