ആർക്ക് വോട്ടുചെയ്താലും കത്തുന്നത് ബി.ജെ.പി സ്ഥാനാർഥിയുടെ ലൈറ്റ്; പുതിയ വോട്ടുയന്ത്രം എത്തിച്ച് വോട്ടിങ് പുനരാരംഭിച്ചു
text_fieldsആർക്ക് വോട്ടുചെയ്താലും ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതിനെ തുടർന്ന് നിർത്തിവെച്ച പൂവച്ചാൽ ആൽബർട്ട് എൽ.പി സ്കൂൾ ബൂത്തിൽ പോളിങ് പുനരാരംഭിച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക്
കാട്ടാക്കട: ആർക്ക് വോട്ടുചെയ്താലും ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതിനെ തുടർന്ന് നിർത്തിവെച്ച പൂവച്ചാൽ മുതിയാവിളയിലെ വോട്ടെടുപ്പ് പുനരാരംഭിച്ചു. പുതിയ വോട്ടിങ് മെഷീൻ കൊണ്ടുവന്നശേഷമാണ് വോട്ടെടുപ്പ് വീണ്ടും തുടങ്ങിയത്. 85 ഓളം പേർ പഴയ മെഷീനിൽ വോട്ടുചെയ്തിരുന്നു. ഇത് സീൽ ചെയ്തു മാറ്റിവെച്ചു.
രാവിലെ 8.30നാണ് ആർക്ക് വോട്ടുചെയ്താലും ബി.ജെ.പി സ്ഥാനാർഥിയുടെ ലൈറ്റ് തെളിയുന്നത് ശ്രദ്ധയിൽപെട്ടത്. എം.എൽ.എമാർ അടക്കമുള്ളവർ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പ് നിർത്തിവെക്കാനും റീപോളിങ് നടത്താനും എൽ.ഡി.എഫ്, കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, റിപോളിങ് സംബന്ധിച്ച് ഇലക്ഷൻ കമ്മീഷനാണ് തീരുമാനം എടുക്കേണ്ടതെന്നും പുതിയ മെഷീൻ എത്തിച്ച് വോട്ടെടുപ്പ് തുടരുമെന്നും അധികൃതർ അറിയിച്ചു. തുടർന്ന് 11.30 ഓടെ പുതിയ മെഷീൻ കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിക്കുകയായിരുന്നു.
ആർക്ക് വോട്ടുചെയ്താലും ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുന്നതിനെ തുടർന്ന് നിർത്തിവെച്ച പൂവച്ചാൽ ആൽബർട്ട് എൽ.പി സ്കൂൾ ബൂത്തിൽ പോളിങ് പുനരാരംഭിച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക്
പൂവച്ചാൽ ഗ്രാമപഞ്ചായത്ത് മുതിയാവിള വാർഡ് സെന്റ് ആൽബർട്ട് എൽ.പി സ്കൂളിലെ ബൂത്തിലാണ് സംഭവം. ജില്ലാപഞ്ചായത്തിലെ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്യുമ്പോഴാണ് മെഷീനിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്തത്. സംഭവത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ ബൂത്ത് ഏജന്റ് സി. സുരേഷ് പ്രിസൈഡിങ് ഓഫിസർക്ക് പരാതി നൽകിയിരുന്നു.
നേരത്തെ പത്തനംതിട്ട നിരണം പഞ്ചായത്തിലെ ഇരതോട് 28ാം നമ്പർ ബൂത്തിലും പെരിങ്ങര പഞ്ചായത്തിലെ ആലംതുരുത്തിയിലും യന്ത്രത്തകരാർ മൂലം വോട്ടിങ് വൈകിയിരുന്നു. പെരിങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആലംതുരുത്തി തെക്കുംഭാഗത്തെ ആലന്തുരുത്തി സ്കൂളിലെ ബൂത്തിലെ യന്ത്രമാണ് തകരാറിലായത്. ഏറെ നേരത്തിന് ശേഷം യന്ത്രതകരാർ പരിഹരിച്ചാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

