തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച്
text_fieldsതിരുവനന്തപുരം: വിജയം എന്ന ഒറ്റ ലക്ഷ്യത്തോടെ മുന്നണികൾ ഒപ്പത്തിനൊപ്പം പ്രചാരണം കൊഴുപ്പിക്കുകയാണ് തലസ്ഥാനത്ത്. 2020ൽ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ നേടിയ ആധിപത്യം എൽ.ഡിഎഫ് ഇക്കുറിയും പ്രതീക്ഷിക്കുന്നു. വിമതശല്യം പരമാവധി കുറച്ചും ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും പ്രചാരണത്തിൽ ഏറെ മുന്നേറിയ യു.ഡി.എഫ് അനുകൂല സാഹചര്യമാണ് മുന്നിൽ കാണുന്നത്.
എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ പ്രചാരണം പൂർത്തിയാവുമ്പോൾ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പമാണ്. കഴിഞ്ഞതവണ നൂറ് സീറ്റിൽ പകുതിയിലേറെ നേടാനായ എൽ.ഡി.എഫിന് ഇക്കുറി യു.ഡി.എഫ് കടുത്ത വെല്ലുവിളിയാണ്. ബി.ജെ.പിയും കൃത്യമായ ലക്ഷ്യത്തോടെ രംഗത്തുണ്ട്. സ്ഥാനാർഥി നിർണയം മുതൽ തുടങ്ങിയ മികവ് പ്രചാരണത്തിന് തിരശ്ശീല വീഴുമ്പോഴും നിലനിർത്താൻ യു.ഡി.എഫിന് കഴിഞ്ഞു. 2020ൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി ഇക്കുറി ഒന്നാമതെത്താനുള്ള സർവ ശ്രമങ്ങളും നടത്തുന്നുണ്ട്. ഫലം പ്രവചനാതീതം.
ഇടതുഭരണത്തിലുള്ള ജില്ല പഞ്ചായത്തിൽ യു.ഡി.എഫ് നില മെച്ചപ്പെടുത്താനാണ് സാധ്യത. ജില്ല പഞ്ചായത്തിൽ അംഗങ്ങളില്ലാത്ത ബി.ജെ.പി പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഉറപ്പിച്ച് പറയുന്നു.
ആറ്റിങ്ങൽ, വർക്കല, നെടുമങ്ങാട്, നെയ്യാറ്റിൻകര നഗരസഭകളിൽ ഭൂരിഭാഗം വാർഡുകളിലും ത്രികോണമത്സരമാണ്. ബി.ജെ.പി നേടുന്ന വോട്ടുകൾ ഇരുമുന്നണികൾക്കും നിർണായകം. ബ്ലോക്ക് പഞ്ചായത്തുകളിലെ ഇടതുമുൻതൂക്കം തകർക്കലാണ് യു.ഡി.എഫ് ലക്ഷ്യം. 73 പഞ്ചായത്തുകളിൽ 50ൽ അധികം എൽ.ഡി.എഫിന്‍റെ കൈവശമാണ്. ഇക്കുറിയും 50 കടക്കുമെന്നാണ് അവരുടെ പ്രതീക്ഷ.
നിലവിൽ 18ൽ താഴെ പഞ്ചായത്തുകളിലെ ഭരണം അതിന്‍റെ ഇരട്ടിയിലേക്ക് വ്യാപിപ്പിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. രണ്ട് പഞ്ചായത്തുകളിലായി ഒതുങ്ങുന്ന ഭരണം ഇത്തവണ രണ്ടക്കമാക്കുകയാണ് ബി.ജെ.പി ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

