റിജിൽ മാക്കുറ്റി ജയിച്ചു; പിടിച്ചെടുത്തത് എൽ.ഡി.എഫ് രണ്ടുതവണ ജയിച്ച സീറ്റ്
text_fieldsകണ്ണൂര്‍: എൽ.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് കണ്ണൂർ കോർപറേഷനിൽ സിറ്റിങ്സീറ്റ് പിടിച്ചെടുത്ത് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജിൽ ജയിച്ചത്. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയും വിജയിച്ച ഡിവിഷനിലാണ് ഞെട്ടിക്കുന്ന ജയം.
റിജില്‍ മാക്കുറ്റിക്കെതിരെ സി പി എമ്മും, ബി ജെ പിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. ഇതിനെയൊക്കെ മറികടന്നാണ് മികച്ച വിജയം കൈവരിച്ചത്. റിജിൽ മാക്കുറ്റി 1404 വോട്ടും സി.പി.ഐയിലെ എം.കെ. ഷാജി 691 വോട്ടും നേടി. എസ്.ഡി.പി.ഐയുടെ മുബഷിർ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച വി. മുഹമ്മദലി 197 വോട്ടും ബി.ജെ.പിയുടെ സായൂജ് യു.കെ 143 വോട്ടും നേടി.
കഴിഞ്ഞ മാസം യു.ഡി.എഫ് പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രസംഗിച്ചെന്ന് ആരോപിച്ച് നാദാപുരം വളയത്ത് റിജിൽ മാക്കുറ്റിക്കെതിരെ ഡി.വൈ.എഫ്.ഐ കൊലവിളി പ്രകടനം നടത്തിയിരുന്നു. യു.ഡി.എഫ് സംഘടിപ്പിച്ച ജനപക്ഷ യാത്ര സമാപനച്ചടങ്ങിൽ റിജിൽ മാക്കുറ്റി പ്രസംഗിച്ചതിന് പിന്നാലെയായിരുന്നു പ്രകടനം. റിജിൽ മാക്കുറ്റിക്കെതിരെ കൊലവിളി നടത്തിയ പ്രകടനക്കാർ, തെറിവിളിച്ച് കൊണ്ടാണ് ടൗൺചുറ്റിയത്. ഉദ്ഘാടകനായ ഷാഫി പറമ്പിൽ എംപി വേദി വിട്ടതിന് പിന്നാലെയായിരുന്നു പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

