മെട്രോ സ്പീഡിൽ യു.ഡി.എഫ്
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വോട്ടർമാർ കൈയെത്താ അകലത്തേക്ക് മാറ്റിനിർത്തിയപ്പോൾ എറണാകുളം ജില്ലയിൽ ആഞ്ഞുവീശിയത് യു.ഡി.എഫ് തരംഗം. പൊതുവേ യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജില്ലയിൽ കൊച്ചി കോർപറേഷനിലും നഗരസഭകളിലും ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലും ചരിത്രവിജയം നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഇടതുകോട്ടകളെന്ന് കരുതപ്പെട്ടിരുന്ന കേന്ദ്രങ്ങളിൽപോലും യു.ഡി.എഫ് തേരോട്ടം പ്രകടമായി.
കഴിഞ്ഞ തവണ ആർക്കും കേവല ഭൂരിപക്ഷമില്ലാതിരുന്ന കൊച്ചി കോർപറേഷനിൽ വിമതരെ ഒപ്പംനിർത്തി ഭരണം പിടിച്ചെടുത്ത എൽ.ഡി.എഫിനോട് മധുരമുള്ള പ്രതികാരം വീട്ടുകയാണ് ഇത്തവണ യു.ഡി.എഫ്. 76 ഡിവിഷനുകളിൽ 46 എണ്ണം യു.ഡി.എഫ് സ്വന്തമാക്കി. കഴിഞ്ഞ തവണ 59 ഡിവിഷനുകളിൽ മത്സരിച്ച് 20,000ലധികം വോട്ട് പിടിച്ച വി ഫോർ കൊച്ചി ഇത്തവണ മത്സരത്തിൽനിന്ന് വിട്ടുനിന്നതും ന്യൂനപക്ഷ മേഖലകളിലെ കനത്ത പോളിങ്ങും യു.ഡി.എഫിന് ഗുണം ചെയ്തു.
ജില്ല പഞ്ചായത്തിലെ 28 ഡിവിഷനുകളിൽ 25 ഇടത്ത് യു.ഡി.എഫും മൂന്നിടത്ത് എൽ.ഡി.എഫുമാണ്. 13 നഗരസഭകളിൽ 10 ഇടത്ത് യു.ഡി.എഫ് ജയിച്ചപ്പോൾ ഇതാദ്യമായി തൃപ്പൂണിത്തുറയിൽ എൻ.ഡി.എ ഭരണം പിടിച്ചു. നാല് നഗരസഭ ഭരിച്ചിരുന്ന എൽ.ഡി.എഫ് ഇത്തവണ രണ്ടെണ്ണത്തിൽ ഒതുങ്ങി.
ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് ദയനീയ പരാജയം നേരിടേണ്ടിവന്നു. 2020ൽ 14 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് ഏഴ്, യു.ഡി.എഫ് ആറ്, ട്വന്റി 20 ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇത്തവണ 12 എണ്ണം യു.ഡി.എഫ് പിടിച്ചു. വൈപ്പിൻ മാത്രമാണ് എൽ.ഡി.എഫിന് നിലനിർത്താനായത്.
ട്വന്റി20 ഭരിച്ചിരുന്ന വടവുകോട് ബ്ലോക്കിൽ സമനിലയാണ്. പാറക്കടവ്, ആലങ്ങാട്, പറവൂർ, വാഴക്കുളം, പള്ളുരുത്തി, പാമ്പാക്കുട ബ്ലോക്കുകൾ എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. 82 ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞ തവണ 21 ഇടത്ത് ഭരണം പിടിച്ച എൽ.ഡി.എഫ് ഇത്തവണ ഏഴിടത്ത് ഒതുങ്ങി. യു.ഡി.എഫ് വിജയിച്ച പഞ്ചായത്തുകളുടെ എണ്ണം 47ൽനിന്ന് 66 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

