എറണാകുളത്ത് ആധിപത്യമോ അട്ടിമറിയോ?
text_fieldsകൊച്ചി: ഏതു തെരഞ്ഞെടുപ്പായാലും പൊതുവെ യു.ഡി.എഫിനോട് ആഭിമുഖ്യം പുലർത്തുന്ന ചരിത്രമാണ് എറണാകുളം ജില്ലയുടേത്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രാമ, ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. എന്നാൽ, യു.ഡി.എഫ് വിമതരായി ജയിച്ച രണ്ടുപേരെ ഒപ്പംനിർത്തി കൊച്ചി കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം പിടിച്ചു. ഇത്തവണ കോർപറേഷനും തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.
പ്രചാരണത്തിന്‍റെ അവസാനഘട്ടത്തിൽ 13 നഗരസഭകളിലും കൊച്ചി കോർപറേഷനിലെ മിക്ക വാർഡുകളിലും കനത്ത മത്സരമാണ് കാണുന്നത്. ചില സീറ്റുകളിൽ ട്വന്‍റി 20യും എൻ.ഡി.എ സ്ഥാനാർഥികളും ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്. 2020ൽ കൈവിട്ട കോർപറേഷൻ ഭരണം എങ്ങനെയും തിരിച്ചുപിടിക്കുകയാണ് യു.ഡി.എഫ് ലക്ഷ്യം. എന്നാൽ പത്ത് ഡിവിഷനുകളിലെ വിമതസാന്നിധ്യം അവരെ കുഴക്കുന്നു. വിമതശല്യം ഇല്ലാത്തതും പൊതുസ്വീകാര്യത നേടിയ വികസന നേട്ടങ്ങളും ഭരണത്തുടർച്ചക്ക് സഹായിക്കുമെന്നാണ് എൽ.ഡി.എഫിന്‍റെ വിശ്വാസം. ഒരിടത്ത് വിമതഭീഷണി ഉണ്ടെങ്കിലും സീറ്റെണ്ണം വർധിപ്പിക്കാനാകുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ.
യു.ഡി.എഫ് ഭരിക്കുന്ന പറവൂർ, അങ്കമാലി, മൂവാറ്റുപുഴ, തൃക്കാക്കര, ആലുവ, കളമശ്ശേരി, മരട്, പെരുമ്പാവൂർ, കൂത്താട്ടുകുളം നഗരസഭകളിൽ അവർക്ക് തന്നെ മുൻതൂക്കമുണ്ട്. എന്നാൽ, നിലവിൽ ഭരണത്തിലുള്ള പിറവം, തൃപ്പൂണിത്തുറ, ഏലൂർ, കോതമംഗലം എന്നിവക്ക് പുറമെ കൂടുതൽ നഗരസഭകൾ ഇത്തവണ പിടിച്ചെടുക്കാനാകുമെന്നാണ് എൽ.ഡി.എഫ് അവകാശവാദം.
ബ്ലോക്കിൽ ഇരുമുന്നണികളും ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ്. ജില്ലാ പഞ്ചായത്തിലും യു.ഡി.എഫിന് മേൽക്കൈയ്യുണ്ട്. നിലവിൽ ഭരിക്കുന്നതടക്കം ഏഴ് പഞ്ചായത്തുകളിലാണ് ട്വന്‍റി 20 മത്സരം. ഇതിൽ കുന്നത്തുനാട് നഷ്ടപ്പെടാനും പകരം പൂതൃക്ക പിടിച്ചെടുക്കാനും സാധ്യതയുണ്ട്. ജില്ല പഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ അവർ നിലനിർത്തിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

