‘അൻവർ അവിടെ എത്തുമെന്ന് ഞങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണ്’ -സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ
text_fieldsമലപ്പുറം: ജില്ലയിൽ എൽ.ഡി.എഫ് തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായതായി സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി വി.പി. അനിൽ. പത്രിക സമർപ്പണം പൂർത്തിയാക്കി സ്ഥാനാർഥികൾ വോട്ടർമാരിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഔപചാരിക പ്രചാരണത്തുടക്കം എന്ന നിലക്ക് പഞ്ചായത്ത്, നഗരസഭതലങ്ങളിൽ എൽ.ഡി.എഫ് കൺവെൻഷനുകൾ നടന്നുവരികയാണ്.
ഇടതുസ്വതന്ത്രനായി നിയസഭാംഗമായ പി.വി. അൻവർ കളം മാറിയത് എൽ.ഡി.എഫിന് വെല്ലുവിളിയാകില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. അൻവറിന്റെ മാറ്റം നേരത്തെതന്നെ തങ്ങൾ പ്രതീക്ഷിച്ചതാണെന്നും മതനിരപേക്ഷതക്കും ബദൽ വികസനത്തിനും മുമ്പിൽ ഇത്തരം ആളുകൾ ഒരു ഘടകമാവാൻ പോകുന്നില്ലെന്നും വി.പി. അനിൽ പറഞ്ഞു.
ഒമ്പതര വർഷം പൂർത്തിയാക്കുന്ന എൽ.ഡി.എഫ് സർക്കാർ, നവകേരള സൃഷ്ടിക്കായി ചെയ്ത ക്ഷേമ,വികസന പ്രവർത്തനങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ചുകൊണ്ടുള്ള ബദൽ രാഷ്ട്രീയമാണ് കേരളം മുന്നോട്ടുവെക്കുന്നത്. രാജ്യം അതിവേഗം ധ്രുവീകരിക്കപ്പെടുമ്പോൾ, ഒരു നേരിയ വർഗീയ സംഘർഷംപോലുമില്ലാതെ, ഒറ്റക്കെട്ടായി കേരളത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇടതുപക്ഷ രാഷ്ട്രീയ അടിത്തറക്ക് മുഖ്യപങ്കുണ്ട്. സർക്കാറിന്റെ ഭരണനേട്ടം വോട്ടാകുമെന്ന് വി.പി. അനിൽ പറഞ്ഞു.
- ഭരണവിരുദ്ധ വികാരമുണ്ടെന്ന് യു.ഡി.എഫ് പറയുന്നുണ്ടല്ലോ?
-കഴിഞ്ഞ ഒമ്പതര വർഷത്തെ ഭരണപക്ഷത്തിനെതിരെ പൊതുവികാരം ഉണ്ടാക്കാൻ പറ്റുന്ന രീതിയിലുള്ള ഒരു വിഷയം ഉയർത്തികൊണ്ടുവരാൻ പ്രതിപക്ഷത്തിനുപോലും സാധിച്ചിട്ടില്ല. അതിൽനിന്ന് വ്യക്തമാണ്, കേരളത്തിലെ എൽ.ഡി.എഫ് ഗവൺമെന്റ് പ്രതിപക്ഷത്തോടൊപ്പം നിൽക്കുന്ന ജനവിഭാഗങ്ങളെകൂടി സ്വാധീനിച്ച സർക്കാർ ആണെന്നുള്ളത്.
- സ്ഥാനാർഥി നിർണയം വൈകിയോ?
-പുനർവിഭജനത്തിൽ, വാർഡിന്റെ എണ്ണം കൂടുകയും സ്ഥലങ്ങൾ മാറിപോകുകയും ചെയ്ത മേഖലകളിൽ സ്വാഭാവികമായും ഘടകക്ഷികൾ തമ്മിൽ ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നു. അത് ചർച്ച ചെയ്തു പരിഹരിക്കാൻ കുറച്ചു സമയമെടുത്തിട്ടുണ്ട്. മാറഞ്ചേരിയിലും വാഴയൂരിലും പന്തല്ലൂരിലുമടക്കം സി.പി.ഐയുമായുള്ള എതാണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നടപടിക്രമത്തിന് എടുത്ത സമയം ഒഴിച്ചുനിർത്തിയാൽ, യാതൊരുവിധ കാലതാമസവും വന്നിട്ടില്ല.
- നീക്കുപോക്ക് രാഷ്ട്രീയം?
-ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന കക്ഷികളുമായി മാത്രമേ നീക്കുപോക്ക് ഉണ്ടാവുകയുള്ളു. എൽ.ഡി.എഫ് സഹയാത്രികരായ, ജനങ്ങൾക്കിടയിൽ സ്വാധീനമുള്ള ആളുകളെ സ്വതന്ത്രരായി നിർത്തിയിട്ടുണ്ട്. നേരത്തേയും അത്തരം ആളുകളെ മത്സരിപ്പിച്ചിരുന്നു.
- അൻവർ ഫാക്ടർ?
-അൻവർ യു.ഡി.എഫിന്റെ ഭാഗമായി മാറിയിട്ടുണ്ടല്ലോ. നേരത്തെതന്നെ ഞങ്ങൾ പ്രതീക്ഷിച്ചതാണ് അവിടേക്കുതന്നെയാണ് അദ്ദേഹംഎത്തുക എന്നുളളത്. ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതക്കും ബദൽ വികസനത്തിനും മുമ്പിൽ ഇത്തരം ആളുകൾ ഒരു ഘടകമാവാൻ പോകുന്നില്ല.
- വിജയപ്രതീക്ഷ എത്രത്തോളം?
-2020ൽ ജില്ലയിൽ എൽ.ഡി.എഫിന് ഉണ്ടായ വിജയത്തിനേക്കാൾ മികച്ച വിജയം ഇത്തവണ ഉണ്ടാകും. ത്രിതല പഞ്ചായത്തിലും നഗരസഭകളിലും എൽ.ഡി.എഫ് കൂടുതൽ സീറ്റുകൾ നേടും. നിലമെച്ചപ്പെടുത്തും, അതുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

