വടിവാളുമായി വീടുകളിലെത്തിയും ബോംബെറിഞ്ഞും സി.പി.എം പ്രവർത്തകരുടെ ആക്രമണം; കണ്ണൂർ പാനൂർ മേഖലയിൽ വ്യാപക സംഘർഷം
text_fieldsപാനൂർ (കണ്ണൂർ): തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാനൂർ മേഖലയിൽ വ്യാപക സംഘർഷം. യു.ഡി.എഫ് പ്രവർത്തകന്റെ വീട്ടിൽ വടിവാളുമായെത്തി സി.പി.എം പ്രവർത്തകർ കാറും ബൈക്കും വെട്ടിപ്പൊളിച്ചു. പാറാട്ടെ ലീഗ് അനുഭാവി ആച്ചാൻറവിട അഷ്റഫിന്റെ വീടിനുനേരെ ബോംബെറിഞ്ഞായിരുന്നു വീട്ടിലേക്ക് പാഞ്ഞെത്തിയത്. സ്ത്രീകളടക്കമുള്ളവരെ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പകൽ വിജയാഹ്ലാദത്തിനിടെ പാറാടും പാലക്കൂലിലും യു.ഡി.എഫ് പ്രവർത്തകരും സി.പി.എമ്മും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ കല്ലേറുമുണ്ടായി. കല്ലേറിൽ പൊലീസ് ബസിന്റെ ചില്ലുതകർന്നിരുന്നു. വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. പാറാട്ടെ ലീഗ് ഓഫിസിന് നേരെയും അക്രമമുണ്ടായി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് സംഘർഷത്തിനയവു വന്നത്. ഇതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.
പാനൂർ നഗരസഭ അഞ്ചാം വാർഡിൽനിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ശൈലജ മടപ്പുരയെ ആഹ്ലാദ പ്രകടനത്തിടെ വാഹനത്തിൽ കയറി കൈയേറ്റം ചെയ്തു. പരിക്കേറ്റ ശൈലജയെ പാനൂർ ഗവ. ആശുപതിയിൽ പ്രവേശിപ്പിച്ചു. സി.പി.എം സിറ്റിങ് സീറ്റിലാണ് ശൈലജ വിജയിച്ചത്. അതേസമയം പാലക്കൂലിൽ യു.ഡി.എഫ് പ്രവർത്തകർ വീട്ടിൽ കയറി സി.പി.എം പ്രവർത്തകയായ വിട്ടമ്മ കുഞ്ഞിപ്പറമ്പത്ത് ശാന്തയെ ആക്രമിച്ചതായി സി.പി.എം ആരോപിച്ചു. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം ആഹ്ലാദ പ്രകടനത്തിനിടയിലാണ് കൂരാറയിൽ സംഘർഷമുണ്ടായത്.
കൂരാറ ഇന്ദിര വായനശാലക്കടുത്ത് ബസ് ഷെൽട്ടറിൽ ഇരിക്കുകയായിരുന്ന ബി.ജെ.പി അനുഭാവിയായ കുനിയിൽ പ്രകാശനെ മർദിക്കുകയും പ്രദേശത്തെ കൊടിമരം പിഴുതെടുത്ത് നശിപ്പിക്കുകയും ചെയ്തതായി പറയുന്നു. സംഭവത്തിൽ പാനൂർ പൊലീസിൽ പരാതി നൽകി.
കാഞ്ഞിരത്തിൻ കീഴിൽ വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി പി. പ്രവിജയുടെ വീടിനു മുന്നിൽ പ്രകടനമായെത്തിയ എൽ.ഡി.എഫ് പ്രവർത്തകരാണ് പടക്കമെറിഞ്ഞ് സംഘർഷം സൃഷ്ടിച്ചത്. ജയിച്ച എൻ.പി. സജിതയുടെ നേതൃത്വത്തിൽ വന്ന പ്രകടനത്തിൽ പങ്കെടുത്ത പ്രവർത്തകരാണ് പടക്കം എറിഞ്ഞ് ഭീകരാവസ്ഥ സൃഷ്ടിച്ചതെന്ന് ബി.ജെ.പി ആരോപിച്ചു. പാറാട് ആക്രമണം നടത്തിയ രണ്ട് സി.പി.എം പ്രവർത്തകരെ കൊളവല്ലൂർ പൊലീസ് അറസ്റ്റുചെയ്തു.
കക്കോടിയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ കുടുംബത്തിനുനേരെ അക്രമം
കക്കോടി: കക്കോടി ഗ്രാമ പഞ്ചായത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച സുബൈദ കക്കോടിയുടെ ഭർത്താവ് അബ്ദുസ്സലാമിനും മകനും നേരെ അക്രമം. ശനിയാഴ്ച വൈകീട്ടോടെയാണ് മോരീക്കരയിലാണ് മർദനം. ഇരുവരും കടയിലേക്ക് എത്തിയപ്പോഴാണ് ഒരു സംഘം സി.പി.എം പ്രവർത്തകർ ഇവരെ മർദിച്ചത്. പാർട്ടിക്കുണ്ടായ പരാജയത്തിൽ വെറളിപൂണ്ടവരാണ് സ്ഥാനാർഥിയുടെ കുടുംബത്തെ മർദിച്ചതെന്നും മർദനത്തിൽ പൊലീസ് നടപടി സ്വീകരിക്കണമന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പ്രദേശത്തെ സമാധാനം കെടുത്തുന്ന നടപടി അപലപനീയമാണ്. അക്രമത്തിലും പൊലീസ് നിഷ്ക്രിയത്വത്തിലും ജില്ല കമ്മിറ്റി ശക്തമായി അപലപിച്ചു. ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന സെക്രട്ടറിമാരായ ഇ.പി. അൻവർസാദത്ത്, നുഹ് ചേളന്നൂർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

