ജില്ല പഞ്ചായത്ത് സീറ്റ് വിഭജനം: തെക്കൻ കേരളത്തിൽ അവഗണന; അതൃപ്തി വീണ്ടും പരസ്യമാക്കി ലീഗ്
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് സീറ്റ് വിഭജനത്തിൽ അഞ്ച് തെക്കൻ ജില്ലകളിൽ മുസ്‍ലിംലീഗിനെ അവഗണിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കി പാർട്ടി ഉന്നത നേതൃത്വം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കു പിന്നാലെ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഈ വിഷയത്തിൽ വ്യാഴാഴ്ച പരസ്യ പ്രതികരണം നടത്തി.
യു.ഡി.എഫിന്റെ സീറ്റുവിഭജനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നൂറു ശതമാനം പരിഹരിച്ചെന്ന് പറയാനായിട്ടില്ലെന്നും പല ജില്ലകളിലും ഉഭയകക്ഷി ചർച്ച നടന്നുവരുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലബാറിൽ എല്ലാം ശുഭകരമാണ്. എന്നാൽ, എറണാകുളത്തിനപ്പുറമുള്ള ജില്ലകളിൽ കാര്യങ്ങൾ എങ്ങനെയാണെന്ന് പാർട്ടി നിരീക്ഷിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെക്കൻ ജില്ലകളിൽ വേണ്ടത്ര പരിഗണന കിട്ടാത്തതിൽ അവിടത്തെ പാർട്ടി ഘടകങ്ങൾക്ക് പരാതിയുണ്ടെന്ന് സാദിഖലി തങ്ങൾ കഴിഞ്ഞ ദിവസം മലപ്പുറത്ത് പറഞ്ഞിരുന്നു.
ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് തെക്കൻ ജില്ലകളിലെ ആകെയുള്ള 162 ജില്ല പഞ്ചായത്ത് സീറ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് കോൺഗ്രസുമായി ലീഗിന് ധാരണയിലെത്താൻ കഴിഞ്ഞത്. എറണാകുളത്ത് രണ്ടു സീറ്റും തിരുവനന്തപുരത്ത് ഒരു സീറ്റും. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓരോ സീറ്റ് വീതം ലീഗ് ആവശ്യപ്പെട്ടെങ്കിലും വിജയസാധ്യതയുള്ള ഡിവിഷൻ വിട്ടുനൽകാൻ കോൺഗ്രസ് തയാറായിട്ടില്ല.
കോട്ടയം ജില്ലയിൽ വിജയസാധ്യതയുള്ള എരുമേലി, മുണ്ടക്കയം സീറ്റുകളിൽ ഒന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, ലീഗിന്റെ ആവശ്യം തള്ളിക്കൊണ്ട് 16 സീറ്റിൽ കോൺഗ്രസും ഏഴ് സീറ്റിൽ കേരള കോൺഗ്രസും മത്സരിക്കാൻ ധാരണയായി. പത്തനംതിട്ടയിൽ 16 സീറ്റിൽ ഒരു സീറ്റ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് നേതൃത്വം വിട്ടുവീഴ്ച ചെയ്തിട്ടില്ല.
ഇടുക്കിയിൽ ജില്ല പഞ്ചായത്ത് സീറ്റ് 16ൽ നിന്ന് 17 ആയി വർധിച്ച സാഹചര്യത്തിൽ അടിമാലിയിലെ വെള്ളത്തൂവൽ ഡിവിഷൻ വിട്ടുനൽകണമെന്നാണ് ലീഗിന്റെ ആവശ്യം. ഇവിടെ 12 സീറ്റിൽ കോൺഗ്രസും നാലു സീറ്റിൽ കേരള കോൺഗ്രസ് ജോസഫുമാണ് മത്സരിക്കുന്നത്.
ആലപ്പുഴയിലും കൊല്ലത്തും നേരത്തേ മത്സരിച്ച ഓരോ സീറ്റ് ലീഗിന് വിട്ടുനൽകാൻ കോൺഗ്രസ് തയാറാകാത്തതാണ് പ്രതിസന്ധി. കൊല്ലത്ത് 25ൽനിന്ന് 26 ആയി സീറ്റ് വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ തവണ മത്സരിച്ചു പരാജയപ്പെട്ട ചവറ സീറ്റ് തിരിച്ചെടുത്ത് അഞ്ചൽ, ഓച്ചിറ ഡിവിഷനുകളിൽ ഒന്ന് നൽകണമെന്നാണ് ലീഗിന്റെ ആവശ്യം.
ആലപ്പുഴയിൽ നേരത്തേ മത്സരിച്ച അമ്പലപ്പുഴ സീറ്റ് വിട്ടുനൽകണമെന്ന് ലീഗ് ആവശ്യപ്പെടുന്നുണ്ടെങ്കിലും സിറ്റിങ് സീറ്റ് നൽകാൻ കോൺഗ്രസ് തയാറല്ല. ഉഭയകക്ഷി ചർച്ചകളിൽ കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെയാണ് ലീഗ് അതൃപ്തി പരസ്യമാക്കിയത്. മലബാർ മേഖലയിൽ കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകുമ്പോൾ തെക്കൻ കേരളത്തിൽ ലീഗിന് കടുത്ത അവഗണനയാണെന്നാണ് പാർട്ടിയുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

