Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതക്ക് സീറ്റില്ല;...

യുവതക്ക് സീറ്റില്ല; യൂത്ത് കോണ്‍ഗ്രസിൽ അമർഷം

text_fields
bookmark_border
യുവതക്ക് സീറ്റില്ല; യൂത്ത് കോണ്‍ഗ്രസിൽ അമർഷം
cancel

കൽപറ്റ: ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ ഉൾപ്പെടെയുള്ള യുവാക്കളെ തഴഞ്ഞുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി നിർണയത്തിനെതിരെ അമർഷം പുകയുന്നു. കഴിഞ്ഞ ദിവസം ഡി.സി.സി ഓഫിസിലെത്തിയ യൂത്ത് കോൺഗ്രസ് നേതാക്കൾ സീറ്റ് നിഷേധത്തിനെതിരെ എം.എൽ.എ ഉൾപ്പടെയുള്ളവർക്കു നേരെ ശക്തമായി പ്രതിഷേധിച്ചെന്നാണ് വിവരം. എം.എൽ.എയും ഡി.സി.സി പ്രസിഡന്റുമുൾപ്പെടെയുള്ള ഉപജാപക സംഘം യോഗ്യതയോ വിജയസാധ്യതയോ പോലും പരിഗണിക്കാതെ അവർക്ക് താത്പര്യമുള്ളവരെ മാത്രം സ്ഥാനാർഥിയാക്കാനാണ് ശ്രമിക്കുന്നതെന്നും ഇവർ ആരോപിച്ചു.

ജില്ലയിലെ കോൺഗ്രസിൽ ഏറ്റവും കൂടുതൽ ജനകീയ മുഖമുള്ള ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉൾപ്പെടെയുള്ളവർക്കു പോലും സീറ്റ് നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പനമരം ബ്ലോക്ക് പഞ്ചായത്തിൽ പൂതാടി ഡിവിഷനിൽ സംഷാദിന് സീറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും അക്കാര്യത്തിലും അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പടെയുള്ളവർക്കും സീറ്റില്ലെന്നാണ് അവസാന സമയത്തും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയെയും ജില്ല പ്രസിഡന്റിനെയും ഉൾപ്പടെയുള്ള യുവതയെ തഴഞ്ഞ് ചിലരുടെ താൽപര്യമനുസരിച്ച് സീറ്റ് വീതംവെച്ച് കൊടുക്കുകയാണെന്നാണ് ആരോപണം. യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഹർഷൽ കൊന്നാടന് നേരത്തേ കൽപറ്റ നഗരസഭയിൽ സീറ്റ് നൽകിയതിനെ തുടർന്ന് ഫ്ലക്സ് ഉൾപ്പടെ അടിച്ചിറക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്ത ശേഷമാണ് പ്രസ്തുത സീറ്റ് ലീഗിന് കൈമാറുന്നത്.

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അമൽ ജോയിയെ കേണിച്ചിറ ജില്ല പഞ്ചായത്ത് ഡിവിഷനിലേക്ക് പരിഗണിച്ചെങ്കിലും അവസാനം മറ്റൊരു തലമുതിർന്ന നേതാവിന് വിട്ടു കൊടുത്തെന്നാണ് പറയുന്നത്. തോമാട്ടുചാല്‍ ഡിവിഷനിലേക്ക് പരിഗണിച്ചിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ പള്ളിവയലിനെ ഉൾപ്പടെ തഴഞ്ഞതായാണ് വിവരം. മാനന്തവാടി മണ്ഡലം പ്രസിഡന്റ് കഴിഞ്ഞ തവണ ബ്ലോക്ക് അംഗമായിരുന്നെങ്കിലും ഇത്തവണ പട്ടികയിലില്ല. അവഗണനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ല നേതൃത്വത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്.

കെ.എസ്‍യുവിനും പരിഗണന നല്‍കാതെയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുന്നത്. ജില്ലയിലെ സമരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന നേതാക്കളെ അവഗണിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക അവതരിപ്പിക്കുന്നതെന്ന് പ്രവർത്തകർ തന്നെ ആരോപിക്കുന്നു.

യൂത്ത് കോൺഗ്രസ് എന്നാൽ കോടതി മുറികളും ജയിലുകളും കൊടിയ പൊലീസ് മർദ്ദനവും മാത്രമാണെന്ന് അമല്‍ജോയ് ഫേസ് ബുക്കില്‍ കുറിച്ചു. മീനങ്ങാടി ഡിവിഷനില്‍ മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കെ.ഇ. വിനയന്‍ മത്സരിക്കുമെന്നായിരുന്നു സൂചനയെങ്കിലും പഞ്ചായത്തിലെ കൃഷ്ണഗിരി വാര്‍ഡാണ് നൽകിയത്.

സുല്‍ത്താന്‍ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. അതൃപ്തി പുകയുന്നതിനിടെയിലും അനുരഞ്ജന ചർച്ചകൾക്ക് ശക്തമായ നീക്കം നടക്കുന്നുണ്ടെങ്കിലും യൂത്ത് കോൺഗ്രസ് നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsYouth CongressCongressKerala Local Body Election
News Summary - Kerala local body election 2025
Next Story