38 തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നത് 126 സ്ഥാനാർഥികൾ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള എല്ലാഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു. രാവിലെ ഏഴുമുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലാണ് ഉപതെരഞ്ഞെടുപ്പ്.
126 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇതിൽ 64 പേർ പുരുഷന്മാരും 62 പേർ സ്ത്രീകളുമാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ- 23 പേർ.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്, ദേശീയകൃത ബാങ്ക്/പോസ്റ്റ് ഓഫിസിൽനിന്ന് ആറുമാസത്തിനകം ലഭിച്ച ഫോട്ടോ പതിച്ച പാസ്ബുക്ക്, കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എന്നിവ വോട്ടർമാർക്ക് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ജീവനക്കാർ, എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ ഫോട്ടോ പതിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡുകളും ഇത്തവണ അംഗീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്.
പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോഗ്രാഫിയും പ്രത്യേക പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന് ആരംഭിക്കും. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് ഒക്ടോബർ 29നകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപിക്കണമെന്നും കമീഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

