Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശം ഭരിക്കുന്നത്...

തദ്ദേശം ഭരിക്കുന്നത് ആരൊക്കെ?

text_fields
bookmark_border
തദ്ദേശം ഭരിക്കുന്നത് ആരൊക്കെ?
cancel

കേരളം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് ആറ് മാസത്തോളം അകലെ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്, അതുകൊണ്ട് തന്നെ എൽ.ഡി.എഫിനും യു.ഡി.എഫിനും ‘സെമിഫൈനൽ’ പോരാട്ടമാണ്. നിലവിൽ തദ്ദേശം ഭരിക്കുന്നത് ആരൊക്കെയെന്ന് നോക്കാം.

ഇടത് ചാഞ്ഞുതന്നെ തലസ്ഥാനം

തിരുവനന്തപുരം: യു.ഡി.എഫിനെയും ബി.ജെ.പിയെയും വെട്ടിനിരത്തിയുള്ള വിജയമാണ് കഴിഞ്ഞ തവണ തലസ്ഥാന ജില്ല എൽ.ഡി.എഫിന് സമ്മാനിച്ചത്. കോര്‍പറേഷനും ജില്ല പഞ്ചായത്തും നാല് മുനിസിപ്പാലിറ്റികളും എല്‍.ഡി.എഫ് തൂത്തുവാരി. അതേസമയം കോര്‍പറേഷനിൽ 34 സീറ്റുകളിലെ ബി.ജെ.പി ജയം ഇരു മുന്നണികളെയും ഞെട്ടിച്ചു.

ജില്ലയില്‍ പലയിടത്തും ത്രികോണപോരിന് കളമൊരുക്കാൻ ബി.ജെ.പിക്ക് കഴിഞ്ഞു. ഇത്തവണ കോർപറേഷൻ പിടിക്കാൻ പ്രമുഖരെ ഇറക്കിയുള്ള പോരാട്ടത്തിനാണ് മൂന്ന് മുന്നണികളും തയാറെടുക്കുന്നത്. കോൺഗ്രസ് രണ്ട് ഘട്ട പട്ടികയും ബി.ജെ.പി ആദ്യഘട്ട പട്ടികയും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ പുറത്തിറക്കി പ്രചാരണം തുടങ്ങി. എൽ.ഡി.എഫ് സ്ഥാനാർഥി നിർണയ ഘട്ടത്തിലാണ്.

എന്നും ഇടത് കോട്ട; കോർപറേഷനിൽ യു.ഡി.എഫ് ആശ്വാസം

കണ്ണൂർ: നഗരഭരണം യു.ഡി.എഫും ഗ്രാമപഞ്ചായത്തു മുതൽ ജില്ല പഞ്ചായത്ത് വരെയുള്ളതിൽ എൽ.ഡി.എഫ് മേധാവിത്വവും എന്നതാണ് കണ്ണൂരിന്റെ തദ്ദേശഭരണ ചിത്രം. ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകർപ്പൻ വിജയമൊന്നും ഒരുനിലക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ഏശാറില്ലെന്നതാണ് പതിവ്. ഇക്കുറി ഇടതു കോട്ടകളിൽ പോലുമുണ്ടായ വോട്ടുചോർച്ച തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാവുമോ എന്നതും പ്രധാനം.

ജില്ലയിൽ ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 57ഉം എൽ.ഡി.എഫാണ്. യു.ഡി.എഫിന് 14 എണ്ണമാണുള്ളത്. ജില്ല പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിനാണ്. ഒമ്പതു നഗരസഭകളിൽ ആറും എൽ.ഡി.എഫിനൊപ്പമാണ്. മൂന്നെണ്ണമാണ് യു.ഡി.എഫിനുള്ളത്. കോർപറേഷൻ ഭരണമാണ് യു.ഡി.എഫിനുള്ള ഏക ആശ്വാസം. ആകെയുള്ള 55 സീറ്റിൽ 35ഉം യു.ഡി.എഫിനാണ്.

വലതുഭാവമെങ്കിലും ഇടത്ത്

പത്തനംതിട്ട: വലതുഭാവമെങ്കിലും പത്തനംതിട്ടയിലെ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളിലും ഇടതുപക്ഷമായിരുന്നു ഡ്രൈവിങ് സീറ്റിൽ. ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫാണ്. നാല് നഗരസഭകളിൽ രണ്ടിടത്ത് എൽ.ഡി.എഫാണ്. തിരുവല്ല യു.ഡി.എഫിനും പന്തളം എൻ.ഡി.എക്കുമാണ്. 16 പഞ്ചായത്തുകളിൽ ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ല. പിന്നീട് സ്വതന്ത്രരെയും കൂറുമാറിയവരെയും കൂട്ടുപിടിച്ച് മുന്നണികൾ ഭരണം പിടിച്ചു.

53 ഗ്രാമപഞ്ചായത്തുകളിൽ 33 ഇടത്തും എൽ.ഡി.എഫാണ്. രാഷ്ട്രീണ്‍വിവാദം ഏറെ ഉയർന്ന കോട്ടാങ്ങലും ഇതിലുൾപ്പെടും. എൽ.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് അംഗങ്ങൾ വീതമുള്ള ഇവിടെ ഏക എസ്.ഡി.പി.ഐ അംഗത്തിന്‍റെ പിന്തുണയിലാണ് എൽ.ഡി.എഫ് ഭരണം. 17 പഞ്ചായത്തുകളാണ് യു.ഡി.എഫിനൊപ്പം. കുളനട, ചെറുകോൽ, കവിയൂർ പഞ്ചായത്തുകളിൽ ബി.ജെ.പിയാണ് ഭരണം.

ആലപ്പുഴയിലെ ഇടതു പാടങ്ങളിൽ ഉണ്ടാകുമോ കൈയേറ്റം

ആലപ്പുഴ: തദ്ദേശത്തിൽ ഇടതുപക്ഷം കൊയ്തുകൂട്ടുന്നതാണ് ആലപ്പുഴയിലെ സമീപകാല ചരിത്രം. ഇത്തവണ നേട്ടം കൊയ്യുമെന്നാണ് യു.ഡി.എഫും എൽ.ഡി.എഫും കണക്കു കൂട്ടുന്നത്. എൻ.ഡി.എ നാലിരട്ടി അംഗങ്ങളെ വിജയിപ്പിക്കാനുള്ള പുറപ്പാടിലാണ്. കോടംതുരുത്ത്, പാണ്ടനാട്, അരൂർ, ചെന്നിത്തല എന്നിവിടങ്ങളിൽ ബി.ജെ.പിയെ അകറ്റി നിർത്താൻ ഒന്നിച്ചാണ് ഭരണം.

ആറ് നഗരസഭകളിൽ മാവേലിക്കര, ചെങ്ങന്നൂർ, ഹരിപ്പാട് എന്നിവിടങ്ങളിൽ യു.ഡി.എഫും ആലപ്പുഴ, ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ എൽ.ഡി.എഫും ആണ്. ഇത്തവണ ജില്ല പഞ്ചായത്തിൽ ഒന്നും ബ്ലോക്ക് പഞ്ചായത്തുകളിൽ 12ഉം ഡിവിഷനുകൾ വർധിച്ചിട്ടുണ്ട്. 101 ഗ്രാമപഞ്ചായത്ത് വാർഡുകളും നഗരസഭകളിൽ ആറ് വാർഡുകളും വർധിച്ചു.

മനസ്സു തുറക്കാൻ മടിക്കുന്ന കോട്ടയം

കോട്ടയം: കാലാകാലങ്ങളായി തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്ന ഇവിടെ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ വേരോട്ടമുണ്ട്. പ്രത്യേകിച്ച് കേരള കോൺഗ്രസ് പാർട്ടികൾക്ക്. കഴിഞ്ഞ തവണ മുന്നണി മാറിയെത്തിയ കേരള കോൺഗ്രസ് എം ജില്ല പഞ്ചായത്ത്, പാലാ മുനിസിപ്പാലിറ്റി ഭരണം ഉൾപ്പെടെ എൽ.ഡി.എഫിന്‍റെ കരങ്ങളിലെത്തിക്കാൻ നിർണായക പങ്കുവഹിച്ചു.

അതുകൊണ്ട് ഇക്കുറി എൽ.ഡി.എഫ് അവർക്ക് മികച്ച പരിഗണന നൽകിയിട്ടുമുണ്ട്. ജില്ല പഞ്ചായത്ത് എൽ.ഡി.എഫ് ഭരിക്കുമ്പോൾ നാല് മുനിസിപ്പാലിറ്റികൾ യു.ഡി.എഫിനാണ്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ വ്യക്തമായ ഭൂരിപക്ഷം എൽ.ഡി.എഫിനാണ്.

ഇടുക്കിയിൽ ആര് മിടുക്ക് കാട്ടും

തൊടുപുഴ: വലത് മുന്നണിയുടെ തട്ടകമായിരുന്ന ഇടുക്കി കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പുകളിലായി മാറി നടക്കുന്ന അവസ്ഥയാണ്. എൽ.ഡി.എഫിനാണ് ജില്ല പഞ്ചായത്ത്. നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാൻ ഇക്കുറി നേരത്തെതന്നെ യു.ഡി.എഫ് ഒരുക്കം ആരംഭിച്ചിട്ടുണ്ട്.

ഇടുക്കി ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫിന്‍റെ കരുത്ത്. ഇടതുമുന്നണിയിൽ പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നത്. ശ്രദ്ധേയ മത്സരം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിൽ എൻ.ഡി.എയിലും സീറ്റ് ചർച്ച അവസാനഘട്ടത്തിലാണ്.

പരിഹാരം കാണാൻ കഴിയാത്ത ജില്ലയിലെ ഭൂപ്രശ്നങ്ങളും വന്യജീവി ആക്രമണങ്ങളുമൊക്കെയാകും ഇത്തവണ ഇടുക്കിയുടെ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഗതി നിയന്ത്രിക്കുക. 19,07,102 ആണ് ജില്ലയിലെ ആകെ വോട്ടർമാർ.

യു.ഡി.എഫിൽ വിശ്വസിച്ച്

കൊച്ചി: എറണാകുളം ജില്ല പഞ്ചായത്തും കൊച്ചി കോർപറേഷനും 14 ബ്ലോക്ക് പഞ്ചായത്തുകളും 13 നഗരസഭകളും 82 ഗ്രാമപഞ്ചായത്തുകളും അടങ്ങുന്നതാണ് എറണാകുളം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ. കൊച്ചി കോർപറേഷൻ ഭരിക്കുന്നത് എൽ.ഡി.എഫാണ്. ജില്ല പഞ്ചായത്ത് യു.ഡി.എഫിനു കീഴിലാണ്.

നഗരസ‍ഭകളിൽ ഒമ്പതെണ്ണം (ആലുവ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, മരട്, തൃക്കാക്കര, കളമശ്ശേരി, പറവൂർ)യു.ഡി.എഫാണ്. കോതമംഗലം, പിറവം, തൃപ്പൂണിത്തുറ, ഏലൂർ എന്നിവയാണ് എൽ.ഡി.എഫ് നഗരസഭകൾ. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്വന്‍റി 20യിൽനിന്നാണ്. ഐക്കരനാട്, മഴുവന്നൂർ, കിഴക്കമ്പലം, കുന്നത്തുനാട് എന്നിവിടങ്ങളിൽ ട്വന്‍റി 20ക്കു കീഴിലാണ്.

ഇടതിന് വൻ ഭൂരിപക്ഷം

തൃശൂർ: ജില്ലയിൽ കാലാവധി കഴിയുന്ന ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവയിൽ ഇടതുമുന്നണിക്ക് വൻ ഭൂരിപക്ഷം. ജില്ല പഞ്ചായത്തും കോർപറേഷനും ഭരിക്കുന്നത് എൽ.ഡി.എഫാണ്. മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലും ബഹുഭൂരിപക്ഷവും ഇടതുമുന്നണി ഭരണത്തിലാണ്.

ഗ്രാമപഞ്ചായത്തുകളിൽ 67 എണ്ണം എൽ.ഡി.എഫും 18 എണ്ണത്തിൽ യു.ഡി.എഫും അവിണിശ്ശേരി പഞ്ചായത്ത് ബി.ജെ.പിയും ഭരിക്കുന്നു. തൃശൂർ കോർപറേഷനിൽ യു.ഡി.എഫ് വിമതനെ മേയറാക്കിയാണ് ഇടതുമുന്നണി അധികാരം നേടിയത്. കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയിൽ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയെ മറികടന്ന് എൽ.ഡി.എഫ് ഭരണം നേടിയത്.

ചുവപ്പിനെ കൈവിടാത്ത പാലക്കാട്

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ പാലക്കാട് ചുവപ്പിനെ വെടിഞ്ഞിട്ടില്ല. ത്രിതലത്തിൽ മൃഗീയ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുള്ളത്. ജില്ല പഞ്ചായത്തിലെ 30 ഡിവിഷനുകളിൽ 27ലും എൽ.ഡി.എഫ് തന്നെ. യു.ഡി.എഫിന് മൂന്ന്. 13 േബ്ലാക്കിൽ 11 എൽ.ഡി.എഫിനാണ്. രണ്ട് യു.ഡി.എഫിനും. ഏഴ് നഗരസഭകളിൽ അഞ്ചിടത്തും എൽ.ഡി.എഫാണ്. രണ്ടിടത്ത് യു.ഡി.എഫും പാലക്കാട് ബി.ജെ.പിക്കുമാണ്.

ചിറ്റൂർ-തത്തമംഗലം, ഒറ്റപ്പാലം, ഷൊർണൂർ, ചെർപുളശ്ശേരി, പട്ടാമ്പി നഗരസഭകളാണ് എൽ.ഡി.എഫിന്. മണ്ണാർക്കാട്ട് യു.ഡി.എഫും. 1490 പഞ്ചായത്ത് വാർഡുകളിൽ എൽ.ഡി.എഫ് 827, യു.ഡി.എഫ് 460 , ബി.ജെ.പി 113 എന്നിങ്ങനെയാണ്. സ്വതന്ത്രർ- 90. പാലക്കാട് അടക്കം ഏഴ് വാർഡുകളാണ് വെൽഫെയൽ പാർട്ടിക്ക്. പെരിങ്ങോട്ടുകുറിശ്ശി, മുതലമട പഞ്ചായത്തുകൾ മുന്നണികളിൽപെടാതെ തുടരുകയാണ്.

യു.ഡി.എഫ് സമഗ്രാധിപത്യം

മലപ്പുറം: ചില ചാഞ്ചാട്ടങ്ങൾ ഒഴിച്ചുനിർത്തിയാൽ എല്ലാകാലത്തും വലത്തോട്ടാണ്, മുസ്‍ലിം ലീഗിന് സമഗ്രാധിപത്യമുള്ള ജില്ലയുടെ ചായ്‍വ്. ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളിലും യു.ഡി.എഫ് ആണ്. 94 ഗ്രാമപഞ്ചായത്തുകളിൽ 70ലും യു.ഡി.എഫാണ് അധികാരത്തിൽ. 24ൽ മാത്രമേ ഇടതിന് മേൽക്കൈയുള്ളൂ. ജില്ല പഞ്ചായത്ത് ഭരണം എല്ലാ കാലത്തും യു.ഡി.എഫിന്റെ കുത്തകയാണ്.

ഇരുമുന്നണികൾക്കുമൊപ്പം എൻ.ഡി.എ, വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവയും ഗോദയിലുണ്ട്. ജില്ലയിൽ ആകെ 122 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. പുനർ വിഭജനത്തിൽ ഇത്തവണ 277 വാർഡുകൾ കൂടി. ജില്ല ഡിവിഷൻ -33, േബ്ലാക്ക് ഡിവിഷൻ- 250, പഞ്ചായത്ത് വാർഡ് -2001, നഗരസഭ വാർഡ് -505 എന്നിങ്ങനെ ആകെ വാർഡുകളുടെ എണ്ണം 2789.

കോർപറേഷൻ എൽ.ഡി.എഫ്, നഗരസഭ യു.ഡി.എഫ്

കോഴിക്കോട്: ആദ്യ ജില്ല കൗൺസിലിലും പിന്നീട് ത്രിതല സംവിധാനം നിലവിൽവന്നശേഷം ജില്ല പഞ്ചായത്തിലും തുടർച്ചയായി ഭരണം എൽ.ഡി.എഫിനായിരുന്നു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും ഭൂരിഭാഗവും എൽ.ഡി.എഫ് ഭരണത്തിലാണ്. കോഴിക്കോട് കോർപറേഷനും അരനൂറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പമാണ്.

അതേസമയം, നഗരസഭകളിൽ യു.ഡി.എഫിനാണ് മുൻതൂക്കം. സമീപകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് ഭേദപ്പെട്ട ഫലമുണ്ടാക്കിയത് 2010ലാണ്. അന്നും എൽ.ഡി.എഫിന് തന്നെയായിരുന്നു മേൽക്കോയ്മയെങ്കിലും അവരുടെ പല കോട്ടകളും നിലംപൊത്തിയിരുന്നു.

ഉരുൾ കടന്ന് വയനാട് തെരഞ്ഞെടുപ്പിലേക്ക്

കൽപറ്റ: ഉരുൾ ദുരന്തത്തിൽനിന്ന് പതിയെ കരകയറുന്ന വയനാട് വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ജില്ല പഞ്ചായത്തിൽ ഇരു മുന്നണികൾക്കും എട്ടു വീതം സീറ്റ് ലഭിച്ചപ്പോൾ നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. ഇത്തവണ ഇവിടെ 17 സീറ്റുകളാണുള്ളത്. അധ്യക്ഷ സ്ഥാനം വനിത സംവരണമാണ്. മൂന്ന് നഗരസഭകളിൽ രണ്ടെണ്ണം യു.ഡി.എഫിനൊപ്പമാണ്.

നാലു േബ്ലാക്കുകളിൽ ഇരുമുന്നണികൾക്കും രണ്ട് വീതമുണ്ട്. 23 പഞ്ചായത്തുകളിൽ 16 എണ്ണം യു.ഡി.എഫിനൊപ്പവും ഏഴിടങ്ങൾ എൽ.ഡി.എഫിനൊപ്പവുമാണ്. കഴിഞ്ഞ തവണ എട്ട് പഞ്ചായത്തുകളിലായി 13 വാർഡുകൾ നേടിയ എൻ.ഡി.എക്ക് നില മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. മിക്കയിടങ്ങളിലും എൽ.ഡി.എഫ് സീറ്റ് വിഭജനം നേരത്തേ പൂർത്തിയാക്കി. പുതിയ വാർഡുകളിൽ തട്ടി യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല.

എന്നും ഇടത് കോട്ട; കോർപറേഷനിൽ യു.ഡി.എഫ് ആശ്വാസം

കണ്ണൂർ: നഗരഭരണം യു.ഡി.എഫും ഗ്രാമപഞ്ചായത്തു മുതൽ ജില്ല പഞ്ചായത്ത് വരെയുള്ളതിൽ എൽ.ഡി.എഫ് മേധാവിത്വവും എന്നതാണ് കണ്ണൂരിന്റെ തദ്ദേശഭരണ ചിത്രം. ലോക്സഭ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ തകർപ്പൻ വിജയമൊന്നും ഒരുനിലക്കും തദ്ദേശ തെരഞ്ഞെടുപ്പിൽ ഏശാറില്ലെന്നതാണ് പതിവ്. ഇക്കുറി ഇടതു കോട്ടകളിൽ പോലുമുണ്ടായ വോട്ടുചോർച്ച തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാവുമോ എന്നതും പ്രധാനം.

ജില്ലയിൽ ആകെയുള്ള 71 ഗ്രാമപഞ്ചായത്തുകളിൽ 57ഉം എൽ.ഡി.എഫാണ്. യു.ഡി.എഫിന് 14 എണ്ണമാണുള്ളത്. ജില്ല പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിനാണ്. ഒമ്പതു നഗരസഭകളിൽ ആറും എൽ.ഡി.എഫിനൊപ്പമാണ്. മൂന്നെണ്ണമാണ് യു.ഡി.എഫിനുള്ളത്. കോർപറേഷൻ ഭരണമാണ് യു.ഡി.എഫിനുള്ള ഏക ആശ്വാസം. ആകെയുള്ള 55 സീറ്റിൽ 35ഉം യു.ഡി.എഫിനാണ്.

ഇടതിന് മുൻതൂക്കം

കാസർകോട്: 17 അംഗ ജില്ല പഞ്ചായത്തിൽ ഒരു സ്വതന്ത്രന്റെ പിന്തുണ ഉൾപ്പെടെ എട്ടംഗങ്ങളുടെ കരുത്തിൽ എൽ.ഡി.എഫ് കാലാവധി പൂർത്തിയാക്കി. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി അധികാരത്തിൽ വരാറുള്ള കാസർകോട് ജില്ല പഞ്ചായത്തിൽ ബി.ജെ.പി നിർണായക ഘടകവുമാണ്.

ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും എൽ.ഡി.എഫിന് മുൻതൂക്കമുണ്ട്. മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ അധ്യക്ഷപദമുള്ള ബി.ജെ.പി 15ൽപരം ഗ്രാമപഞ്ചായത്തുകളിൽ നിർണായക ശക്തിയാണ്. മൂന്ന് നഗരസഭകളിൽ രണ്ടും എൽ.ഡി.എഫിനാണ്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ത്രിതല അധികാരം കൈയാളുന്നതിൽ വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന എൽ.ഡി.എഫിന് നിലവിൽ പ്രധാന ലക്ഷ്യം ജില്ല പഞ്ചായത്ത് ഭരണം നിലനിർത്തുക എന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body Electionkerala local bodyKerala electionsKerala NewsKerala Local Body Election
News Summary - Kerala local body
Next Story