തദ്ദേശ തെരഞ്ഞെടുപ്പ്: ഇരു മുന്നണിയും ഒപ്പത്തിനൊപ്പം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫും ഇടതുമുന്നണിയും 12 വീതം സീറ്റിൽ വിജയിച്ചു. ബി.ജെ.പിയും സ്വതന്ത്രരും രണ്ടു സീറ്റ് വീതം നേടി. 11 സീറ്റുണ്ടായിരുന്ന യു.ഡി.എഫിന് ഒരു സീറ്റ് കൂടിയപ്പോൾ 14 സീറ്റുണ്ടായിരുന്ന ഇടതു മുന്നണിക്ക് രണ്ട് സീറ്റ് കുറഞ്ഞു.
കേരള കോൺഗ്രസിലെ ജോസഫ്, േജാസ് പക്ഷങ്ങൾ ഏറ്റുമുട്ടിയ കോട്ടയത്തെ അകലക്കുന്നം വാർഡിൽ ജോസ് വിഭാഗം വിജയിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച ജോസഫ് വിഭാഗത്തെ 63 വോട്ടിനാണ് ജോസ് വിഭാഗം പരാജയപ്പെടുത്തിയത്. ഇതുകൂടി ചേർത്താൽ യു.ഡി.എഫിന് 13 സീറ്റാകും.
കഴിഞ്ഞ തവണ വിജയിച്ചതിൽ നാല് വാർഡ് യു.ഡി.എഫിന് നഷ്ടമായി. ആറ് സീറ്റ് പിടിച്ചെടുത്തു. യു.ഡി.എഫിെൻറ രണ്ട് സിറ്റിങ് സീറ്റിൽ എൽ.ഡി.എഫ് വിജയിച്ചു.
ഇടതിെൻറയും യു.ഡി.എഫിെൻറയും ഓരോ സിറ്റിങ് സീറ്റിൽ ബി.ജെ.പി വിജയിച്ചു. ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകളിൽ കോൺഗ്രസും മുസ്ലിം ലീഗും ഒാരോന്നിൽ ജയിച്ചു.
കാസർകോട് മുനിസിപ്പാലിറ്റിയിലെ ഹൊണ്ണമൂല സീറ്റ് യു.ഡി.എഫിൽ നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. ബളാൽ ഗ്രാമപഞ്ചായത്തിലെ മാലോ വാർഡ് കേരളാ കോൺഗ്രസ് നിലനിർത്തി.
തലശേരി നഗരസഭ ടെംബിൾ ഗേറ്റ് വാർഡ് ബി.ജെ.പിയിൽ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു.
ആലത്തൂർ പത്തിയൂർ പഞ്ചായത്തിലെ 17ാം വാർഡ് കോൺഗ്രസിൽ നിന്ന് സി.പി.എം സ്ഥാനാർഥി കെ.ബി പ്രശാന്ത് പിടിച്ചെടുത്തു.
കോഴിക്കോട് ചോറോട് കൊളങ്ങാട് വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ചന്ദ്രശേഖരൻ 84 വോട്ടിന് വിജയിച്ചു.
കോട്ടയം വൈക്കം മുനിസിപ്പാലിറ്റി 21ാം വാർഡ് യു.ഡി.എഫിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥി കെ.ആർ രാജേഷ് പിടിച്ചെടുത്തു. 79 വോട്ടാണ് ഭൂരിപക്ഷം.
ഷൊർണൂർ നഗരസഭ തത്തംകോട് വാർഡും ആലപ്പുഴ നഗരസഭ ദേവകുളങ്ങര പഞ്ചായത്തിലെ കുമ്പിളിശേരി വാർഡും യു.ഡി.എഫ് നിലനിർത്തി.
അരൂക്കുറ്റി പഞ്ചായത്തിലെ മൂന്നാം വാർഡും വയനാട് വെങ്ങപ്പള്ളി പഞ്ചായത്തിെല കോക്കുഴി വാർഡും എൽ.ഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണവും എൽ.ഡി.എഫ് നിലനിർത്തി.
കോട്ടയം അകലകുന്നം ഗ്രാമപഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡ് കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം സ്ഥാനാർഥി ജോർജ് തോമസ് വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
