ഇനി വൻകിട ഹോട്ടലുകളിൽ എല്ലാ മാസവും ഒന്നാംതീയതിയും മദ്യം വിളമ്പാം; പെർമിറ്റുണ്ടായാൽ മതി
text_fieldsതിരുവനന്തപുരം: വൻകിട ഹോട്ടലുകളിൽ പെർമിറ്റെടുത്താൽ എല്ലാ മാസവും ഒന്നാം തീയതിയും മദ്യം വിളമ്പാം. വിനോദസഞ്ചാര മേഖലയുടെ ആവശ്യം പരിഗണിച്ച് ഒന്നാംതീയതിയിലെ ഡ്രൈഡേ ഒഴിവാക്കാൻ സർക്കാർ മുമ്പ് മദ്യനയം ഭേദഗതി ചെയ്തിരുന്നു. ഏപ്രിൽ ഒമ്പതിന് മന്ത്രിസഭ അതിന് അംഗീകാരം നൽകുകയും ചെയ്തു. ആ മദ്യനയത്തിന്റെ അടിസ്ഥാനത്തിലുള്ള ചട്ടമാണ് ഇപ്പോൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര കോൺഫറൻസുകൾ, ബിസിനസ് സമ്മേളനങ്ങൾ, മറ്റ് കൂടിച്ചേരലുകൾ, വിവാഹ സത്കാരങ്ങൾ എന്നിവയുടെ ഭാഗമായി വലിയ ഹോട്ടലുകളിൽ എല്ലാ മാസവും മദ്യം വിളമ്പാനുള്ള അനുമതിയാണ് ലഭിക്കുക.
ഒന്നാം തീയതി മദ്യം വിളമ്പാനുള്ള പെർമിറ്റിനായി എന്തുപരിപാടിയാണ് നടക്കുന്നത് എന്നതിന്റെ വിശദാംശങ്ങൾ സഹിതം ഏഴുദിവസം മുമ്പ് എക്സൈസ് കമീഷണർക്ക് അപേക്ഷ നൽകണം. 50,000 രൂപയാണ് ലൈസൻസ് ഫീസ്.
ത്രീസ്റ്റാറിനു മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ഹെറിറ്റേജ് ഗ്രാൻഡ്, ഹെറിറ്റേജ് ക്ലാസിക്, ബോട്ടിക് ഹോട്ടലുകൾ എന്നിവക്കാണ് അനുമതി ലഭിക്കുക.
അതേസമയം, ഒന്നാംതീയതി ഒഴികെയുള്ള മറ്റ് ഡ്രൈഡേകളിൽ സ്പെഷ്യൽ ലൈസൻസ് കിട്ടില്ല. അതുപോലെ ഇംഗ്ലീഷ് മാസം ഒന്നാംതീയതി തന്നെ സർക്കാർ മറ്റ് കാരണങ്ങളാൽ പ്രഖ്യാപിച്ച ഡ്രൈഡേ ഒന്നിച്ചു വന്നാലും ഇളവ് കിട്ടില്ല.
ഒന്നാംതീയതി ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചത് അന്താരാഷ്ട്ര സമ്മേളനങ്ങൾ, ഉന്നതതല യോഗങ്ങൾ, കോൺഫറൻസ്, എക്സിബിഷൻസ്, ടൂറിസം, ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നിവയെ ബാധിക്കുന്നതായി വിനോദസഞ്ചാര മേഖലയിൽ നിന്ന് പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

