തിരുവനന്തപുരം: ഇടത് സർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടിനാണ് പ്രമേയം നിയമസഭ തള്ളിയത്. 10 മണിക്കൂറിലേറെയാണ് അവിശ്വാസ പ്രമേയ ചർച്ച നീണ്ടത്.
രാവിലെ 11 മണിക്ക് ആരംഭിച്ച അവിശ്വാസ പ്രമേയ ചർച്ച രാത്രി ഒമ്പതോടെയാണ് പൂർത്തിയായത്. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം മൂന്നേമുക്കാൽ മണിക്കൂർ നീണ്ടു.
ഭരണ-പ്രതിപക്ഷ കക്ഷി അംഗങ്ങളുടെ പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയത്തിൻമേൽ മറുപടി പ്രസംഗം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പ്രമേയം വോട്ടിനിടുകയായിരുന്നു.
87 അംഗങ്ങൾ പ്രമേയത്തെ എതിർത്തും 40 അംഗങ്ങൾ അനുകൂലിച്ചും വോട്ട് ചെയ്തു. മൂന്ന് അംഗങ്ങൾ വിട്ടുനിന്നു. വോട്ടെടുപ്പിൽ പ്രമേയം പരാജയപ്പെട്ടതോടെ അനിശ്ചിത കാലത്തേക്ക് സഭ പിരിഞ്ഞതായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിക്കുകയായിരുന്നു.