പ്രളയബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ 2117 കോടി; പട്ടികയിൽ കേരളം ഇല്ല
text_fieldsന്യൂഡൽഹി: പ്രളയബാധിത സംസ്ഥാനങ്ങൾക്ക് അടിയന്തര ദുരിതാശ്വാസമായി 2117.85 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ നിന്നാണ് (എസ്.ഡി.ആർ.എഫ്) മുൻകൂട്ടി തുക അനുവദിച്ചത്.
അരുണാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ, മണ്ണിടിച്ചിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഗുജറാത്തിനും മഹാരാഷ്ട്രക്കും 500 കോടി രൂപ വീതം, അസമിന് 379.35 കോടി, ഹിമാചൽ പ്രദേശിന് 193.95, ആന്ധ്രപ്രദേശിന് 44.55 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
എന്നാൽ, ഈ ധനസഹായ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മഴക്കെടുതിയിലും കേരളം ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് പത്തിലേറെ മരണങ്ങൾ സ്ഥിരീകരിക്കുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകളും തകർന്നു.സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
അതേസമയം, മഴയുടെ തീവ്രതയിൽ നേരിയ കുറവുണ്ടായെങ്കിലും ഏത് അടിയന്തര സാഹചര്യവും നേരിടാൻ സർക്കാർ പൂർണസജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ശുചീകരണ പ്രവർത്തനങ്ങളും സഹായവും അടിയന്തരമായി നൽകും. റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുമായും ജില്ല ഭരണകൂടങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തി വരികയാണ്. വെള്ളം ഇറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പടരാതിരിക്കാൻ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രീയ പ്രവർത്തകരും സന്നദ്ധ സംഘടനകളും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു.
മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും വീടും ജീവനോപാദികളും നഷ്ടപ്പെട്ടവർക്കും അടിയന്തര സർക്കാർ സഹായം ഉറപ്പാക്കും. മഴ കുറഞ്ഞെങ്കിലും മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ജാഗ്രത തുടരണം. ഏത് അത്യാവശ്യ ഘട്ടത്തിലും ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടാമെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

