‘നന്ദി മെസ്സി, പ്രത്യാശക്ക്!’ -ലോകകപ്പ് ആവേശത്തിൽ രാഷ്ട്രീയ നേതാക്കൾ; ഇഷ്ട ടീം അർജന്റീന
text_fieldsകെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
കോഴിക്കോട്: ‘അർജന്റീന അർജന്റീന അർജന്റീന... വേൾഡ് കപ്പ് വേൾഡ് കപ്പ് വേൾഡ് കപ്പ്... മെസ്സി മെസ്സി മെസ്സി...’ -ലോകകപ്പിലെ രണ്ടാം സെമിഫൈനലിനു ശേഷം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഫേസ്ബുക്കിൽ കുറിച്ചു. പൊതുപ്രദർശനത്തിനിടെ ആവേശത്തോടെ മത്സരം കാണുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.
പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല; ഫുട്ബാൾ ലോകകപ്പിന്റെ ആവേശത്തിലാണ് കേരളത്തിലെ രാഷ്ട്രീയ നേതാക്കളും. ഫുട്ബാളിന് വലിയ ആരാധക പിന്തുണയുള്ള കേരളത്തിൽ തങ്ങളുടെ ഇഷ്ട ടീമുകൾക്കും താരങ്ങൾക്കും പിന്തുണയുമായാണ് മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ പലരും ലോകകപ്പ് ആവേശം പങ്കുവെക്കുകയും ചെയ്തു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അർജന്റീനയുടെ ഓരോ മത്സരം കഴിയുമ്പോഴും സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതുന്നത് ഇക്കുറിയും തുടർന്നു. ലയണൽ മെസ്സിയുടെ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, തോൽവി ഉറപ്പെന്ന് തോന്നുന്ന ഘട്ടങ്ങളിലും മത്സരത്തിന്റെ ഗതി മാറ്റാൻ മെസ്സിക്ക് കഴിയുമെന്ന് കുറിച്ചു.
‘കളി അവസാനിച്ചു എന്ന് ലോകം വിധിയെഴുതുന്ന അവസാന പത്ത് മിനിറ്റ്... അവിടെയാണ് അർജന്റീന അവതരിക്കുന്നത്, വിശ്വരൂപം കാട്ടുന്നത്.’ -എന്ന് പറഞ്ഞാണ് ചെന്നിത്തല തുടങ്ങുന്നത്.
‘കളി മികവിന് അപ്പുറം നായകത്വവും ഒരുപോലെ തെളിയുന്ന പ്രതിഭയാണ് ലയണൽ മെസ്സി. ഒരുപക്ഷേ, പരാജയത്തിലേക്ക് പോകുമായിരുന്ന സാധ്യതകളെ കൃത്യതയോടെ അയാൾ വിജയത്തിലേക്ക് നയിക്കുന്നു. അളന്നു മുറിച്ചത് പോലെ രണ്ട് അസിസ്റ്റുകൾ, പിറന്നത് ലോകകപ്പ് ഫൈനലിലേക്കുള്ള രണ്ട് ഗോളുകൾ!
തുടർച്ചയായ രണ്ടാം ഫൈനലിലേക്ക് ആൽബിസെലസ്റ്റുകളും, തന്റെ മൂന്നാം ഫൈനലിലേക്ക് മെസ്സിയും. ഒരിറ്റ് പ്രതീക്ഷ ബാക്കിയുണ്ടാകുന്ന നിമിഷം വരെയും പരാജയം സമ്മതിക്കരുത് എന്ന പാഠം വീണ്ടും പഠിപ്പിച്ച് ഫുട്ബാൾ. ഈ ജീവിതമാണ് ലഹരി! നന്ദി മെസ്സി, പ്രത്യാശക്ക്’ -ആഭ്യന്തര മന്ത്രിയുടെ ആശംസ.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും അർജന്റീനക്ക് പിന്തുണ പ്രഖ്യാപിച്ചു. ‘അർജന്റീനയുടെ കാര്യത്തിൽ ആകുമ്പോൾ തോറ്റു എന്ന് ഉറപ്പിക്കണമെങ്കിൽ ഫൈനൽ വിസിൽ മുഴങ്ങണം. ഒരു സെക്കൻഡ് എങ്കിലും ബാക്കി ആയിട്ടുണ്ടെങ്കിൽ അർജന്റീന വിശ്വരൂപം പുറത്തെടുക്കും. കൈവിട്ടുപോയി എന്ന് ലോകം മുഴുവൻ ഉറപ്പിക്കുമ്പോൾ, അസാധാരണക്കാരനായ പടത്തലവൻ ലയണൽ ആന്ദ്രേസ് മെസ്സി അളന്ന് മുറിച്ച് കളിയുടെ ഗതിമാറ്റും. അറ്റ്ലാന്റ സ്റ്റേഡിയത്തിലും അത് തന്നെ സംഭവിച്ചു. 16 കൊല്ലത്തിന് ശേഷം തങ്ങളുടെ രണ്ടാം ലോക കിരീടം തേടിയിറങ്ങുന്ന സ്പെയിൻ. നാലാം ലോകകിരീടം തേടിയിറങ്ങുന്ന അർജന്റീന. ന്യൂ ജേഴ്സിയിൽ പോരാട്ടത്തിന് തീപാറും. വാമോസ് അർജന്റീന’ -എന്നാണ് റോജി പങ്കുവെച്ച കുറിപ്പിലുള്ളത്.
ഫുട്ബാൾ ലോകത്ത് ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമാണ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. 2007ൽ യൂനിസെഫ് ചാരിറ്റി ഫോട്ടോ ഷൂട്ടിനിടെ, ലയണൽ മെസ്സി കുഞ്ഞായിരുന്ന ലാമിൻ യമാലിനെ കൈകളിൽ എടുത്തുനിൽക്കുന്ന ചിത്രം.
ഒരു തലമുറ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്ന കഥയാണ് ഇതെന്ന് രാജീവ് ചന്ദ്രശേഖർ കുറിച്ചു. അന്ന് മെസ്സിയുടെ കൈകളിലുണ്ടായിരുന്ന കുഞ്ഞ് ലോക ഫുട്ബാളിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.
മെസ്സി ഫുട്ബാൾ ചരിത്രത്തിലെ ഇതിഹാസ പദവി ഉറപ്പിച്ചു. അതേസമയം, യമാൽ തന്റെ അവിസ്മരണീയമായ യാത്രയുടെ തുടക്കത്തിലാണ്. ഫുട്ബാൾ ചാമ്പ്യന്മാരെ മാത്രമല്ല സൃഷ്ടിക്കുന്നത്; ഒരു തിരക്കഥക്കും സങ്കൽപ്പിക്കാനാകാത്ത കഥകളും അത് എഴുതുന്നു -എന്ന് പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുൻമന്ത്രിയും സി.പി.എം എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ മെസ്സിയുടെ ചിത്രം പങ്കുവെച്ച് ‘അർജന്റീന ഹൃദയത്തിൽ. അർജന്റീന ഫൈനലിൽ’ എന്ന കുറിപ്പും ഫേസ്ബുക്കിൽ പങ്കുവെച്ചു.
കേരളത്തിലെ ഫുട്ബാൾ ആരാധകർ ഫിഫ ലോകകപ്പ് ഫൈനലിന് ആവേശത്തോടെ കാത്തിരിക്കുകയാണ്. യു.എസിലെ ന്യൂജേഴ്‌സിയിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ച 12.30നാണ് സ്പെയിൻ-അർജന്റീന ഫൈനൽ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

