സെൻസസ് വിവരങ്ങൾ സ്വയം രേഖപ്പെടുത്താം; സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് തുടക്കം
text_fieldsതിരുവനന്തപുരം: ഭവന സെൻസസിന്റെ ഭാഗമായി സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാനുള്ള സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് തുടക്കമായി. ആദ്യ ദിവസം മുഖ്യമന്ത്രി വി.ഡി സതീശൻ, ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വന്തമായി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷന്റെ ഭാഗമായി. ഗവർണറാണ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
ചീഫ് സെക്രട്ടറി എ. ജയതിലക്, പൊതുഭരണ വകുപ്പ് സെക്രട്ടറിയും സെൻസസ് നോഡൽ ഓഫിസറുമായ കെ. ബിജു, സെൻസസ് ഡയറക്ടർ ഡോ. ടി. മിത്ര, തിരുവനന്തപുരം ജില്ല കലക്ടർ അനുകുമാരി, സെൻസസ് എക്സിക്യൂട്ടിവ് ഓഫിസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു.
പിന്നാലെ സെൻസസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി സെൽഫ് എന്യൂമറേഷൻ നടത്തിയത്. ചീഫ് സെക്രട്ടറിയും ആദ്യദിവസം പങ്കാളിയായി. ഇന്ന് ഡി.ജി.പി, സംസ്ഥാന നോഡൽ ഓഫിസർ കെ. ബിജു എന്നിവർ സെൽഫ് എന്യൂമറേഷൻ നടത്തും.
ചൊവ്വാഴ്ച രാവിലെ ആറോടെയാണ് ഭവന വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനുള്ള പോർട്ടൽ (se.census.gov.in) പൊതുജനങ്ങൾക്കായി തുറന്നത്. മൊബൈൽ ഫോണിലും കമ്പ്യൂട്ടറുകളിലുമായി നിരവധി പേർ ആദ്യ ദിവസം സംരംഭത്തിന്റെ ഭാഗമായി.
നടപടിക്രമങ്ങളിൽ അൽപം പ്രയാസമുള്ളത് മാപിൽ വീട് മാർക്ക് ചെയ്ത് സേവ് ചെയ്യാനുള്ള ഭാഗം മാത്രമാണ്. ചോദ്യങ്ങൾക്ക് ഓപ്ഷനുകൾ നൽകിയതിനാൽ 10 മിനിറ്റിൽ താഴെ സമയം കൊണ്ട് നടപടികൾ പൂർത്തിയാക്കാം. മലയാളവും ഇംഗ്ലീഷുമടക്കം ഭാഷകളിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്.
രണ്ട് ഘട്ടങ്ങളായാണ് സെൻസസ് ക്രമീകരിച്ചത്. എന്യൂമറേറ്റർമാർ ഓരോ കെട്ടിടവും സന്ദർശിച്ച് വീടുകളുടെ അവസ്ഥ, സൗകര്യങ്ങൾ, ആസ്തികൾ എന്നിവയെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്ന ഒന്നാം ഘട്ടമായ ഭവന സെൻസസ് ജൂലൈ ഒന്ന് മുതൽ 30 വരെയാണ് നടക്കുക. ഈ വിവരങ്ങൾ മുൻകൂട്ടി ഓൺലൈൻ വഴി സമർപ്പിക്കാനും സെൻസസ് പ്രവർത്തനം എളുപ്പമാക്കാനുമാണ് ജൂൺ 16 മുതൽ 30 വരെ സമയമനുവദിച്ച സെൽഫ് എന്യൂമറേഷൻ.
വീട്ടുനമ്പറും മുറികളും മേൽക്കൂരയും ശുചിമുറിയും ഗ്യാസ് കണക്ഷനും മുതൽ മൊബൈൽ ഫോണും ഇന്റർനെറ്റും വാഹനവും കഴിക്കാനുപയോഗിക്കുന്ന ധാന്യവും വരെ 34 ചോദ്യങ്ങളാണുള്ളത്. ഇതിൽ നാലോളം ചോദ്യങ്ങൾ പൂരിപ്പിക്കേണ്ടതില്ല. പോർട്ടൽ വഴി പൂരിപ്പിക്കുന്നവർ സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐ.ഡി സൂക്ഷിക്കണം.
ജൂലൈ ഒന്നു മുതൽ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരങ്ങൾ സമാഹരിക്കുന്നത്. പോർട്ടൽ വഴി സമർപ്പിക്കാൻ കഴിയാത്തവർക്ക് ഈ ഘട്ടത്തിൽ വിവരങ്ങൾ നേരിട്ട് നൽകാം. പോർട്ടൽ വഴി സമർപ്പിച്ചവർ സെൽഫ് എന്യൂമറേഷൻ ഐ.ഡി വീട്ടിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം.
മാപിൽ വീട് അടയാളപ്പെടുത്തൽ ഇങ്ങനെ
പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം വീടിന്റെ സ്ഥാനം മാപിൽ അടയാളപ്പെടുത്താൻ ആദ്യം ഡ്രോപ് ഡൗൺ മെനുവിൽ നിന്നും സംസ്ഥാനം തെരഞ്ഞെടുക്കണം. ജില്ലയുടെ പേര് തെരഞ്ഞെടുത്ത ശേഷം പിൻകോഡ് നൽകണം.
ശേഷം വില്ലേജ് നൽകാം. അപ്പോഴേക്കും നൽകിയ പ്രദേശം മാത്രമായി മാപ്പിൽ തെളിയും. മാപ് ലോഡായിക്കഴിഞ്ഞാൽ, ഓരോ വീടും വ്യക്തമായി കാണുന്നതുവരെ പൂർണമായി സൂം ചെയ്യണം. റോഡിന്റെ കൃത്യമായ വശവും അടുത്തുള്ള ലാൻഡ്‌മാർക്കുകളും കൃത്യമാണെന്ന് ഉറപ്പുവരുത്തി, മാർക്ക് ചെയ്യാനുള്ള ചുവപ്പ് അടയാളം (ലൊക്കേഷൻ മാർക്കർ) മാപിലെ വീടിന് മുകളിലെത്തിച്ച് സേവ് ചെയ്യണം. ഇതോടെ ചോദ്യങ്ങൾക്കുള്ള വിൻഡോ തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

