മയക്കുമരുന്നിനെതിരെ ഗോള്‍ ചലഞ്ചിന് തുടക്കം രണ്ടുകോടി ഗോളടിക്കാൻ കേരളം
text_fieldsതിരുവനന്തപുരം:മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഗോള്‍ ചലഞ്ച് ക്യാമ്പയിന് തുടക്കമായി. സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ഫുട്ബോൾ ലോകകപ്പ് ആവേശത്തെ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാ മലയാളികളും ഗോളടിച്ച് ലോകകപ്പ് ആവേശത്തിന്‍റെയും മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന്‍റെയും ഭാഗമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ കായികമന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മന്ത്രി എം.ബി രാജേഷ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ വി കെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ് കുമാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗൺസില്‍ അധ്യക്ഷ ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ, എക്സൈസ് കമ്മീഷണര്‍ എസ് ആനന്ദകൃഷ്ണൻ, അഡീഷണല്‍ കമ്മീഷണര്‍ ഡി രാജീവ് എന്നിവരും പങ്കെടുത്തു. മന്ത്രിമാരും വിശിഷ്ടാതിഥികളും സ്പോര്‍ട്സ് താരങ്ങളും കുട്ടികളും ഉദ്യോഗസ്ഥരും പൊതുജനങ്ങളുമെല്ലാം ഗോളടിച്ച് ക്യാമ്പയിന്‍റെ ഭാഗമായി. ആദ്യദിനത്തില്‍ ഉദ്ഘാടന വേദിയില്‍ തന്നെ 1272 ഗോളുകളാണ് ഗോള്‍ ചലഞ്ചിന്‍റെ ഭാഗമായി രേഖപ്പെടുത്തിയത്.
എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡിലും വിദ്യാലയങ്ങളിലും നവംബര്‍ 17 മുതല്‍ 25 വരെയാണ് ക്യാമ്പയിൻ. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നവംബര്‍ 17,18 തീയതികളില്‍ ഗോള്‍ ചലഞ്ച് നടക്കും.
സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, ഐടി പാര്‍ക്കുകള്‍, റസിഡന്‍റ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ 10വരെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബര്‍ 10മുതല്‍ 18 വരെ ഫ്ലാഷ് മോബിന്‍റെ അകമ്പടിയോടെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. സംസ്ഥാന-ജില്ലാ-തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സെലിബ്രെറ്റി ഫുട്ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കും. ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

