കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച കോടതി മുറിയിലെ നേരിട്ടുള്ള കേസ് കേൾക്കൽ ഹൈകോടതിയിൽ തിങ്കളാഴ്ച പുനരാരംഭിക്കുന്നു. വിഡിയോ കോൺഫറൻസിങ്ങിനൊപ്പം കോടതി മുറിയിൽ ഹാജരായും കേസുകൾ നടത്താൻ ഹൈകോടതി ഭരണവിഭാഗം തീരുമാനിച്ചു. ഒരു കക്ഷി നേരിട്ടും എതിർകക്ഷി വിഡിയോ കോൺഫറൻസിങ് മുഖേനയുമാണ് ഹാജരാകുന്നതെങ്കിലും വാദം നടത്താം.
നിയന്ത്രണങ്ങളോടെയാകും കോടതിയിൽ പ്രവേശനം അനുവദിക്കുക. ഒരു സമയം 15 പേരെ മാത്രമേ കോടതിമുറിയിൽ പ്രവേശിപ്പിക്കൂ. രണ്ട് ഡോസ് വാക്സിനെടുത്തവരാകണം. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റില്ലാത്തവർക്ക് ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കും. അഭിഭാഷകരും കക്ഷികളും ക്ലർക്കുമാരും അല്ലാത്തവർക്ക് അതത് കോടതിയുടെ അനുമതിയോടെയേ പ്രവേശനം അനുവദിക്കൂ.