കേന്ദ്ര അവഗണന; എം.പിമാർ യോഗം ചേർന്നു: കേരളം മറ്റു സംസ്ഥാനങ്ങളുമായി ചേർന്നുള്ള പ്രതിഷേധത്തിന്
text_fieldsതിരുവനന്തപുരം: കേരളത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ച നടപടിയിൽനിന്ന് കേന്ദ്രം പിന്മാറണമെന്ന് പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗം ആവശ്യപ്പെട്ടു.
15ാം ധനകാര്യ കമീഷന്റെ ശിപാർശ പ്രകാരം കേരളത്തിന്റെ വായ്പപരിധി ഉയർത്താനായി ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാരെ സന്ദർശിക്കാൻ ഓൺലൈനായി ചേർന്ന യോഗത്തിൽ ഐകകണ്ഠ്യേന അഭിപ്രായമുയർന്നു. സംസ്ഥാനത്തിന്റെ റവന്യൂ സബ്സിഡി ഒഴിവാക്കിയതും ജി.എസ്.ടി നഷ്ടപരിഹാരം നിർത്തലാക്കിയതും കുടിശ്ശികയായ നഷ്ടപരിഹാരം തന്നുതീർക്കാത്തതുമെല്ലാം കേന്ദ്ര മന്ത്രാലയങ്ങളെയും പാർലമെന്റിലും അറിയിക്കണമെന്നും തീരുമാനിച്ചു. കേന്ദ്ര അവഗണന കാരണം മറ്റു സംസ്ഥാനങ്ങളും പ്രശ്നങ്ങളനുഭവിക്കുന്നുണ്ട്. അവരെയെല്ലാം ചേർത്തുനിർത്തി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ യോഗത്തിൽ ധാരണയായി. ആദ്യഘട്ടത്തിൽ യോജിച്ച നിവേദനം നൽകാനും തീരുമാനിച്ചു.
കോളജ് അധ്യാപകർക്ക് യു.ജി.സിയുടെ ഏഴാം ശമ്പളപരിഷ്കരണം നടപ്പാക്കിയതിന്റെ ഭാഗമായി കൊടുത്ത ശമ്പളത്തിന്റെ കുടിശ്ശിക കേന്ദ്രം തന്നുതീർക്കാനുണ്ട്. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കാനും യോഗം തീരുമാനിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കേന്ദ്രവിഹിതത്തിലെ കുടിശ്ശിക ലഭിക്കുന്നതിനുള്ള ഇടപെടലും നടത്തും.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേന്ദ്രവിഹിതം വരുന്ന പദ്ധതികളുടെയും നടത്തിപ്പിന് കേന്ദ്രസർക്കാർ ബ്രാൻഡിങ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിന്റെ ലൈഫ് പദ്ധതിയടക്കമുള്ളവയിൽ നാമമാത്രമായ കേന്ദ്രവിഹിതം മാത്രമേ ഉള്ളൂ. ഇതിലെല്ലാം കേന്ദ്രസർക്കാർ പദ്ധതിയുടെ ലോഗോയും പേരും വെക്കണമെന്ന നിർദേശം അംഗീകരിക്കാനാവില്ല. ഈ വിഷയത്തിലും കേരളത്തിൽനിന്നുള്ള എം.പിമാർ ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു.
കേരളത്തിലേക്കുള്ള വിദേശ വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടാകുന്ന ഭീമമായ വർധന കുറക്കാൻ കേന്ദ്ര ഇടപെടൽ വേണമെന്നും ആവശ്യമുയർന്നു.
കണ്ണൂർ വിമാനത്താവളത്തിന് ‘പോയന്റ് ഓഫ് കോൾ സ്റ്റാറ്റസ്’ അനുവദിക്കാത്തതിനാൽ വിദേശ വിമാന സർവിസുകൾ ആരംഭിക്കാൻ പറ്റാത്ത പ്രശ്നവും ചർച്ചയായി. ശബരിമല വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറൻസ് നൽകുന്നതിൽ ഉണ്ടാകുന്ന കാലതാമസവും കോഴിക്കോട് വിമാനത്താവളത്തിൽ ഭൂമിയേറ്റെടുത്തിട്ടും നിർമാണത്തിനാവശ്യമായ ടെൻഡർ വിളിക്കുന്നതിലുണ്ടാകുന്ന കാലതാമസവും ചർച്ചയിൽ ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

