'തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടല്ല കേരളം'; നദ്ദക്ക് ബൃന്ദാ കാരാട്ടിന്റെ മറുപടി
text_fieldsകേരളം തീവ്രവാദികളുടെ ഹോട്ട്സ്പോട്ടായി മാറിയെന്ന ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പ്രസ്താവനക്ക് മറുപടിയുമായി സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. നഡ്ഡയുടെ പ്രസ്താവന തീർത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ബൃന്ദ പറഞ്ഞു.
'കേരളം തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് നഡ്ഡ പറഞ്ഞത്. അദ്ദേഹത്തിന്റെ പാർടി നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാറിന്റെ കണക്കുകൾ മാത്രം പരിശോധിച്ചാൽ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടും. സമാധാനം, സാമുദായിക സൗഹാർദം, ജനങ്ങളുടെ ഐക്യം, സർക്കാറിന്റെ പ്രവർത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്.
രാജ്യത്ത് മതവിദ്വേഷവും വർഗീയതയും വളർത്തുന്നത് ബി.ജെ.പിയും ആർ.എസ്.എസുമാണ്. ബി.ജെ.പി ഇതര സർക്കാറുകൾ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്' -ബൃന്ദാ കാരാട്ട് പറഞ്ഞു.

