കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കേരളം മയക്കുമരുന്ന് മാഫിയയുടെ പിടിയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത തരത്തിൽ മയക്കുമരുന്ന് ഉപഭോഗവും വില്പനയും വളർന്നിരിക്കുന്നു. മയക്കുമരുന്ന് ലോബിക്ക് നാട് തീറെഴുതുന്ന പിണറായി സർക്കാറിന്‍റെ ജനവഞ്ചനക്കെതിരെ നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് വഞ്ചനാ ദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വ്യാജമദ്യം തടയാനും, മയക്കുമരുന്നിനു തടയിടാനും എന്ന പേരിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഉദാരമായ മദ്യനയത്തിന്‍റെ തണലിൽ കേരളത്തിൽ മദ്യം ഒഴുകുകയാണ്. വീണ്ടുമൊരു വ്യാജമദ്യ ദുരന്തം കുടുംബങ്ങളെ അനാഥമാക്കിയിരിക്കുകയാണ്.
ദക്ഷിണേന്ത്യയിലാകെ വ്യാപിച്ച് കിടക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ പറ്റിയുള്ള അന്വേഷണം വന്നു നിൽക്കുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകനിലേക്കാണ് എന്ന് മനസ്സിലാകുമ്പോൾ ഈ വിഷയത്തിലെ സർക്കാറിന്‍റെ ഉദാസീനത യാദൃശ്ചികമല്ല എന്നു വ്യക്തമാകുമെന്നും ചെന്നിത്തല പറഞ്ഞു.