Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരളം ഭരിക്കുന്നത്...

‘കേരളം ഭരിക്കുന്നത് നരേന്ദ്ര മോദിയുടെ അനിയൻ; ഇന്റര്‍വ്യൂവിനോട് അസഹിഷ്ണുതയും ഭയവും’; പിണറായി വിജയന്‍ ഭീരുവായ മുഖ്യമന്ത്രിയെന്നും വി.ഡി. സതീശൻ

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്നയാൾ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമായിരുന്നു. ന്യൂനപക്ഷങ്ങള്‍ തിരിച്ചടി കൊടുത്തപ്പോള്‍ ഭൂരിപക്ഷ പ്രീണനമായി. ഡല്‍ഹിയില്‍ പോയി ‘ദ ഹിന്ദു’ ദിനപത്രത്തിന് മലപ്പുറത്തിന് എതിരെ അഭിമുഖം നല്‍കിയതും ഇതേ മുഖ്യമന്ത്രിയാണ്. വര്‍ഗീയത പ്രസംഗിക്കുന്നവര്‍ക്ക് പൊന്നാട അണിയിക്കാന്‍ പോയതും മുഖ്യമന്ത്രിയാണ്. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതകളെ മാറി മാറി പ്രോത്സാഹിപ്പിച്ച ആളാണ് പിണറായി വിജയന്‍. പറയുന്നത് മാറ്റി മാറ്റി പറയുന്ന ആളാണ് പിണറായി. ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തിട്ട് മാധ്യമങ്ങളോട് ഒരു ബന്ധവും ഇല്ലെന്ന നുണ പറഞ്ഞതും പിണറായി വിജയനാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ജമാഅത്തെ ഇസ്ലാമിയെ സ്വാഗതം ചെയ്തതിന്റെ വിഡിയോ ക്ലിപ് പുറത്ത് വിട്ടപ്പോഴാണ് നിലപാട് മാറ്റിയത്. ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദേശാഭിമാനിയുടെ എഡിറ്റോറിയലുമുണ്ട്. എന്നിട്ടും മുഖ്യമന്ത്രി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുവനന്തപുരം കാട്ടാക്കടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമല യുവതി പ്രവേശനത്തില്‍ നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞതാണ്. പിന്നീട് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ എല്ലാ വീടുകളിലും കയറി സി.പി.എം മാപ്പ് ചോദിച്ചില്ലേ? ശബരിമല സ്വര്‍ണക്കേസില്‍ സി.പി.എമ്മുകാര്‍ ജയിലില്‍ കിടന്നിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടായോ. കൊള്ളക്കാരെയും കവര്‍ച്ചക്കാരെയുമാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. രാഹുല്‍ ഗാന്ധിയെ 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ മകന് സമന്‍സ് മാത്രമെ വന്നുള്ളൂ. അത് പിന്നീട് എവിടെ പോയെന്ന് ആര്‍ക്കും അറിയില്ല. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്റെ പറവൂരിലെ വീട്ടിലേക്ക് എല്ലാ മാസവും ബി.ജെ.പി മാര്‍ച്ചാണ്. എല്ലാ കാലത്തും എനിക്കെതിരെയാണ് അവര്‍ ഏറ്റവും ശക്തമായി പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാനാണ് ബി.ജെ.പി നടക്കുന്നത്. പാലക്കാട് ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ ബി.ജെ.പി-സി.പി.എം ഡീലുണ്ട്. മലമ്പുഴയിലും കോങ്ങാടും യു.ഡി.എഫ് വിജയിക്കും. ഇപ്പോഴുള്ള ഡീല്‍ ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീണിടത്ത് കിടന്ന് സി.പി.എം ഉരുളുകയാണ്.

മുഖ്യമന്ത്രി ഇട്ടിരിക്കുന്ന പടത്തിന് പിന്നില്‍ 'മുന്നണി രാഷ്ട്രീയവും മതവാദവും' എന്ന സംവാദത്തിന്റെ ബോര്‍ഡുണ്ട്. അവിടെ പോയി താൻ കോണ്‍ഗ്രസിന്റെ അഭിപ്രായമാണ് പറഞ്ഞത്. പണ്ട് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഉള്‍പ്പെടെ എല്ലാവരുടെ വേദികളിലും എല്ലാവരും സംവാദത്തിനും സെമിനാറിനും പോകുമായിരുന്നു. അവിടെ പോയി കോണ്‍ഗ്രസിന്റെ അഭിപ്രായം പറയുന്നത് ആര്‍.എസ്.എസിനെ പുകഴ്ത്തലാകുന്നത് എങ്ങനെയാണ്? കെ.വി തോമസ് കോണ്‍ഗ്രസിലായിരിക്കുമ്പോള്‍ കണ്ണൂരിലെ സി.പി.എം സമ്മേളനത്തിലേക്ക് വിളിച്ചിട്ടില്ലേ. പറവൂര്‍ ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിപാടിയിലേക്ക് പണ്ട് സി.പി.എം വിളിക്കുമായിരുന്നു. ഇപ്പോള്‍ ആരും അങ്ങോട്ടും ഇങ്ങോട്ടും വിളിക്കാറില്ല. ഒരു സംവാദത്തില്‍ പങ്കെടുത്താല്‍ എന്താണ് കുഴപ്പം? താൻ പിണറായി വിജയനെ പോലെ ആര്‍.എസ്.എസിന്റെ പിന്തുണയില്‍ ജയിച്ചു വന്ന ആളല്ല. ആര്‍.എസ്.എസിന് ഒപ്പം നിന്ന് മത്സരിച്ച ആളാണ് പിണറായി വിജയന്‍.

മാസ്‌കറ്റ് ഹോട്ടലില്‍ ഒന്നാം നമ്പര്‍ കാര്‍ മാറി വന്ന് അടച്ചിട്ട മുറിയില്‍ ശ്രീ. എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയില്ലേയെന്ന് നിയമസഭയില്‍ മുഖത്ത് നോക്കി ചോദിച്ചപ്പോള്‍ തല കുനിച്ചിരുന്ന ആളാണ് പിണറായി വിജയന്‍. ഇപ്പോഴും അതിന് മറുപടി പറഞ്ഞിട്ടില്ല. തൃശൂരില്‍ ഞാന്‍ പ്രകാശനം ചെയ്ത പി. പരമേശ്വരന്റെ പുസ്തകം തിരുവനന്തപുരത്ത് വി.എസ്. അച്യുതാനന്ദനാണ് പ്രകാശനം ചെയ്തത്. എം.പി. വീരേന്ദ്രകുമാര്‍ ക്ഷണിച്ചിട്ടാണ് ആ പരിപാടിക്ക് പോയ്ത്. വി.എസ്. തിരുവനന്തപുരത്ത് പ്രകാശനം ചെയ്ത പുസ്തകം വി.ഡി. സതീശന്‍ തൃശൂരില്‍ പ്രകാശനം ചെയ്യാന്‍ പാടില്ലേ? മുഖ്യമന്ത്രി ഒരു കാര്യം പറഞ്ഞപ്പോള്‍ പഴയ പല കാര്യങ്ങളും ഓര്‍മ്മിപ്പിക്കാന്‍ പറ്റി. ആര്‍.വി ബാബു എന്നയാള്‍ കോണ്‍ഗ്രസ് വിരോധിയാണ്. ഒരു തട്ടിപ്പു കേസില്‍ പെട്ടിട്ട് പറവൂരില്‍ വന്ന് താമസിക്കുന്ന ആളാണ്. അക്കാര്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് കൊണ്ടു വന്നതിന്റെ വിദ്വേഷം തീര്‍ക്കാനാണ് ഓരോന്ന് പറയുന്നത്.

മനോരമ ന്യൂസിന് കൊടുത്ത ഇന്റര്‍വ്യൂ പൊലീസ് ആവശ്യപ്പെട്ടിട്ട് മെറ്റ ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തു. ആ ഇന്റര്‍വ്യൂവിനെ പോലും ഇവര്‍ ഭയപ്പെടുകയാണ്. എന്തിനാണ് ഇത്രയും ഭയക്കുന്നത്? എത്ര നേതാക്കളാണ് തെരഞ്ഞെടുപ്പ് കാലത്ത് അഭിമുഖങ്ങള്‍ നല്‍കുന്നത്. ഇന്റര്‍വ്യൂ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ പൊലീസിന് എന്ത് അവകാശമാണുള്ളത്? രാഷ്ട്രീയ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. ഇവിടെ ഭരിക്കുന്നത് ഭയമാണ്. എല്ലാ ഏകാധിപതികളെയും ഭയമാണ് ഭരിക്കുന്നത്. ഹിറ്റ്‌ലറിനും സ്റ്റാലിനും ഭയമായിരുന്നു. പിണറായി വിജയനും ഭയമാണ്. ഒരു ഇന്റര്‍വ്യൂവിനെ പോലും ഭയക്കുന്ന ഭീരുവായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് ഒരു ഇന്റര്‍വ്യൂ നല്‍കിയപ്പോള്‍ അത് മാറ്റാന്‍ സ്വന്തം പൊലീസിനെ കൊണ്ട് മെറ്റയോട് ശിപാര്‍ശ ചെയ്യിച്ച ഭീരുവാണ് പിണറായി വിജയന്‍. കേരളത്തിലെ പൊലീസ് മെറ്റയോട് ശിപാര്‍ശ ചെയ്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കമന്റില്‍ എന്താണ് കുഴപ്പം? തെരഞ്ഞെടുപ്പ് കമ്മിഷനല്ല, പൊലീസാണ് ശിപാര്‍ശ ചെയ്തത്. എല്ലാം ചെയ്തത് തെരഞ്ഞെടുപ്പ് കമീഷനാണെന്ന് പറയുന്നത് വീണിടത്ത് കിടന്ന് ഉരുളലാണ്. നരേന്ദ്ര മോദിയുടെ അനിയനാണ് കേരളം ഭരിക്കുന്നത്. അതുതന്നെയാണ് സ്വഭാവം. എല്ലാ ഏകാധിപതികളും ഭീരുക്കളാണ്. ആ ശ്രേണിയിലെ അവസാനത്തെ ആളാണ് പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ ഇന്റര്‍വ്യൂവിനോട് പോലും അസഹിഷ്ണുതയും ഭയവുമാണ്. ഭയമാണ് ഇവിടെ ഭരിക്കുന്നത്. ഭീരുവായ മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്നും വി.ഡി. സതീശൻ വിമർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanVD SatheesanKerala Assembly Election 2026
News Summary - ‘Kerala is being ruled by Narendra Modi’s brother; V.D. Satheesan calls Pinarayi Vijayan a cowardly Chief Minister
Next Story