ഇന്ധനവില ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളവും
text_fieldsകൊച്ചി: ശനിയാഴ്ച മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വർധിക്കുന്നതോടെ രാജ്യത്ത് ഇന്ധനവില ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറും.നിലവിൽ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളാണ് പെട്രോളിനും ഡീസലിനും ഏറ്റവും കൂടിയ വില ഈടാക്കുന്നത്. കേരളവും ശനിയാഴ്ച മുതൽ അതേ വിലയിൽ എത്തും. സാമൂഹിക സുരക്ഷ ഫണ്ടിലേക്ക് രണ്ടുരൂപ ഇന്ധന സെസ് പിരിക്കുന്നതാണ് കേരളത്തിലെ വിലവർധനക്ക് കാരണം. ഒരു ലിറ്റർ പെട്രോളിന് 106.45 രൂപയും ഡീസലിന് 94.74 രൂപയുമാണ് സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ ശരാശരി വില. ശനിയാഴ്ച ഇത് 108.45 രൂപയും 96.74 രൂപയുമാകും. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞുനിൽക്കുമ്പോഴാണ് കേരളത്തിൽ വില വർധന.
തമിഴ്നാട്, കർണാടക, മാഹി എന്നിവിടങ്ങളിൽ ഇന്ധന വില വളരെ കുറവായതിനാൽ കേരളത്തിലെ അതിർത്തി പ്രദേശങ്ങളിലെ പമ്പുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം എറണാകുളത്ത് ചേർന്ന പമ്പ് ഉടമകളുടെ യോഗത്തിൽ ഇതായിരുന്നു പ്രധാന ചർച്ചാവിഷയം. ഒരു ദിവസം എട്ടുലക്ഷം രൂപയുടെ എങ്കിലും കച്ചവടം നടന്നെങ്കിലേ പമ്പുകൾക്ക് നിലനിൽപുള്ളൂവെന്നും കണ്ണൂർ, കാസർകോട്, പാലക്കാട്, തിരുവനന്തപുരം, ഇടുക്കി അടക്കം ജില്ലകളിലെ അതിർത്തി പ്രദേശത്തെ പമ്പുകളിൽ ഒരു ലക്ഷം രൂപയുടെ കച്ചവടംപോലും നടക്കുന്നില്ലെന്നുമാണ് പമ്പുടമകൾ പരാതി പറഞ്ഞത്.
അടിസ്ഥാനവില ലിറ്ററിനു 57.46 രൂപയുള്ള പെട്രോളും 58.27 രൂപയുള്ള ഡീസലും ഉയർന്ന വിലയിലേക്കെത്തുന്നത് വിവിധ ഇനം നികുതികൾ കാരണമാണ്. ഏറ്റവും അധികം നികുതി ഇപ്പോൾ കേരളത്തിലാണ്. ഒരു ലിറ്റർ ഇന്ധനം നിറയുമ്പോൾ കിഫ്ബിയിലേക്ക് ഒരു രൂപ നിലവിൽ ഈടാക്കുന്നുണ്ട്.പുറമെ ഒരു ലിറ്ററിന് 25 പൈസ സെസും ഈടാക്കുന്നുണ്ട്. ഇതിനു പുറമെയാണ് രണ്ടു രൂപ സാമൂഹിക സെസ് ഏർപ്പെടുത്തുന്നത്. ഒരു വർഷം 750 കോടിയാണ് സർക്കാർ ഇന്ധന സെസിലൂടെ പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്ത് ഇപ്പോൾതന്നെ പെട്രോളിന് 108 രൂപയും ഡീസലിന് 96.79 രൂപയുമാണ്. രണ്ട് രൂപ കൂടുമ്പോൾ ആന്ധ്രയിലെയും തെലങ്കാനയിലെയും വിലയിലേക്ക് തിരുവനന്തപുരത്തെ വില എത്തും. ബംഗളൂരുവിൽ പെട്രോൾ വില 101.94 രൂപയാണ്. ഡീസൽ 87.89 രൂപയും. കേരളത്തിലേതിനെക്കാൾ ആറു രൂപയുടെ കുറവ് ഇപ്പോൾ തന്നെയുണ്ട്.
ചെന്നൈയിൽ പെട്രോൾ വില കേരളത്തെക്കാൾ 5.37 രൂപ കുറവാണ്, ഡീസലിന് 2.05 രൂപയാണ് കുറവ്. സംസ്ഥാനത്ത് ഏകദേശം 55 ലക്ഷം ലിറ്റർ പെട്രോളും 64 ലക്ഷം ലിറ്റർ ഡീസലുമാണ് ഒരു ദിവസം വിൽക്കുന്നത്. പെട്രോളിന് 32.03 ശതമാനമാണ് കേരളം നികുതിയായി ഈടാക്കുന്നത്. ഡീസലിന് 23.84 ശതമാനവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.