ആണവനിലയ സാധ്യത തേടി വീണ്ടും കേരളം
text_fieldsതിരുവനന്തപുരം: വർധിക്കുന്ന വൈദ്യുതി ആവശ്യം നിറവേറ്റാൻ ആണവനിലയത്തിനുള്ള സാധ്യതകൾ ഊർജിതമാക്കി കെ.എസ്.ഇ.ബി. തോറിയം അധിഷ്ഠിത ആണവ നിലയത്തിന് സ്ഥലം കണ്ടെത്തി നൽകിയാൽ അനുമതി പരിശോധിക്കാമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ഊർജ-നഗരകാര്യ മന്ത്രി നൽകിയ ഉറപ്പിനെത്തുടർന്നാണ് ആണവ ചർച്ച വീണ്ടും സജീവമായത്.
കേരളത്തിന്റെ വർധിക്കുന്ന ഊർജ ആവശ്യകതക്ക് പരിഹാരം ആണവനിലയമാണെന്ന അഭിപ്രായവും കേന്ദ്രമന്ത്രി പ്രകടിപ്പിച്ചിരുന്നു. ഇതാണ് തുടർപ്രവർത്തനങ്ങളിലേക്ക് കടക്കാൻ കെ.എസ്.ഇ.ബിയെ പ്രേരിപ്പിക്കുന്നത്.
ആഭ്യന്തര ഉൽപാദനം നിലവിലെ ഉപഭോഗത്തിന് അനുസൃതമായി വർധിപ്പിക്കണമെങ്കിൽ ജലവൈദ്യുതി പദ്ധതികളടക്കം നിലവിലെ സംവിധാനങ്ങൾ വഴി കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണവ നിലയത്തെക്കുറിച്ച ആലോചന നേരത്തേ തന്നെ കെ.എസ്.ഇ.ബി തലപ്പത്ത് നടന്നിരുന്നു.
സി.എം.ഡിയുടെ നേതൃത്വത്തിൽ ഈ രംഗത്തെ സ്ഥാപനങ്ങളുമായി കൂടിക്കാഴ്ചകളും നടന്നു. എന്നാൽ, സർക്കാർ അനുമതി നൽകുമോയെന്ന ആശങ്കയിൽ തുടർചർച്ച മുന്നോട്ടുപോയില്ല. പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാറിന്റെ നയപരമായ തീരുമാനം ഇക്കാര്യത്തിൽ ആവശ്യമായിരുന്നു.
ആതിരപ്പിള്ളി, ചീമേനി എന്നിവിടങ്ങളിൽ പദ്ധതിക്കുള്ള പ്രാഥമിക സാധ്യതകളും ഇതിനിടെ, പരിശോധിച്ചു. എന്നാൽ, സർക്കാർ നിലപാട് വ്യക്തമാക്കാൻ തയാറായില്ല. നിലവിലെ 30 ശതമാനത്തിൽനിന്ന് വൈദ്യുതി ഉൽപാനം ഇരട്ടിയെങ്കിലുമാക്കണമെങ്കിൽ നിലവിലെ ഊർജസ്രോതസ്സുകൾ പോരെന്ന വിലയിരുത്തലിലാണ് കെ.എസ്.ഇ.ബി.
വരുംവർഷങ്ങളിൽ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ (പി.എസ്.പി), ബാറ്ററി എനർജി സ്റ്റോറേജ് (ബെസ്) തുടങ്ങിയവയിലൂടെ പ്രതിസന്ധി നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും കരാറുകൾ വഴി ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്ന സ്ഥിതിക്ക് സമീപകാലത്തൊന്നും മാറ്റം വരാനിടയില്ല.
കേരളത്തിൽ നിലയം സ്ഥാപിക്കാനായില്ലെങ്കിൽ പുറത്ത് എവിടെയെങ്കിലും സ്ഥലം കണ്ടെത്തി സ്ഥാപിക്കുകയും അവിടേക്കുള്ള തോറിയം കേരളം നൽകുകയും ചെയ്യുന്നതടക്കം സാധ്യതകൾ ആലോചനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

