കേരളം മതനിരപേക്ഷതയുടെ ശക്തമായ തുരുത്ത്; അതിൽ നിന്നുള്ള തിരിച്ചുപോക്കിനെ ജാഗ്രതയോടെ ചെറുക്കണം -പിണറായി വിജയൻ
text_fieldsതിരുവനന്തപുരം: കേരളം മതനിരപേക്ഷതയുടെ ശക്തമായ തുരുത്താണെന്നും വർഗീയതയെ പുറന്തള്ളിയ സംസ്ഥാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മറ്റേതിടത്തേക്കാളും ഇവിടെ ആർക്കും ഏത് ആരാധനാലയത്തിലും പോവാനും ഏതു വിശ്വാസം പുലർത്താനും കഴിയുന്നു. അതിൽ നിന്നുള്ള തിരിച്ചുപോക്കിനെ ജാഗ്രതയോടെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാലു വോട്ടുകൾക്കും ഏതാനും സീറ്റുകൾക്കും വേണ്ടി വർഗീയത കാണിക്കുന്നത് ‘രാഷ്ട്രീയ ചെറ്റത്തര’മാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവർഷത്തിലെ ആദ്യ വാർത്താ സമ്മേളനത്തിൽ വിവാദമായ പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
സി.പി.ഐ എൽ.ഡി.എഫിലെ പ്രധാന ഘടകകക്ഷിയാണെന്നും നല്ല ഊഷ്മളമായ ബന്ധമാണ് സി.പി.ഐയുമായി ഉള്ളതെന്നും വഞ്ചനയും ചതിയും കാണിക്കുന്ന പാർട്ടിയാണെന്ന തോന്നൽ തങ്ങൾക്കാർക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ആരെ ചോദ്യം ചെയ്യുമെന്ന് എസ്.ഐ.ടി ആദ്യമേ അറിയിക്കാറില്ലെന്ന് തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന വാർത്തയുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്ന അടൂർ പ്രകാശിന്റെ പ്രസ്താവന മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ല. മറുപടി ഇല്ലാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണ്. പോറ്റി വിളിച്ചപ്പോൾ പോകേണ്ട ആൾ ആണോ അടൂർ പ്രകാശ് എന്നും മുഖ്യമന്ത്രി ചോദിച്ചു.
വെള്ളാപ്പള്ളിയുടെ ചതിയൻ ചന്തുവെന്ന പ്രയോഗം തള്ളിയെങ്കിലും വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ലെന്നു പറയുകയും ചെയ്തു. താനാണെങ്കിൽ അതു ചെയ്യില്ല എന്ന ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോൾ ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്നായിരുന്നു മറുപടി.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായ പോറ്റി ആദ്യം എത്തിയത് സോണിയയുടെ വീട്ടിലാണെന്നു പറഞ്ഞ മുഖ്യമന്ത്രി, കട്ടയാളും കളവു മുതൽ വിറ്റയാളും അവിടെ എത്തിയെന്നും മഹാതട്ടിപ്പുകാർക്ക് സോണിയയുടെ വീട്ടിൽ എങ്ങനെ എത്താൻ കഴിഞ്ഞുവെന്നും ചോദിച്ചു.
കർണാടക ബുൾഡോസർ രാജിലെ പ്രതികരണത്തെക്കുറിച്ച് ആരാഞ്ഞപ്പോൾ, ഇത്തരം വിഷയങ്ങളിൽ ഏതു സംസ്ഥാനമെന്ന അതിർവരമ്പു വെച്ചുകൊണ്ടല്ല പ്രതികരിക്കേണ്ടതെന്നും അതിർത്തിനോക്കി നമ്മൾ പ്രതികരിക്കാറില്ലെന്നും സ്സഹായരായ ആളുകളെ ബുൾഡോസർവെച്ച് തകർക്കുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. സ്വഭാവികമായ പ്രതികരണമാണ് തന്റെ ഭാഗത്തുനിന്ന് വന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

