സ്വാതന്ത്ര്യസമരത്തില്‍ ഐതിഹാസികമായ അധ്യായം എഴുതിച്ചേര്‍ത്ത നാടാണ് കേരളം- സ്പീക്കര്‍
text_fieldsതിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തില്‍ ഐതിഹാസികമായ അധ്യായം എഴുതിച്ചേര്‍ത്ത, ഉജ്ജ്വലമായ പങ്കുവഹിച്ച ഒരു നാടാണ് നമ്മുടെ കേരളമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് സംവത്സരങ്ങള്‍ അനുസ്മരിച്ച് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1721-ല്‍ ഒന്നാം സ്വാതന്ത്ര്യസമരം നടക്കുന്നതിനും 136 വര്‍ഷംമുമ്പ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരായി ആദ്യത്തെ കലാപം, ആറ്റിങ്ങല്‍ കലാപം, നടന്നത് ഇവിടെയാണ്. പിന്നീട് 1921-ല്‍ ജന്മിത്വത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും എതിരായി നടന്ന മലബാര്‍ കലാപം, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനുശേഷം ബ്രിട്ടീഷ് ഭരണം നേരിട്ട ഇന്ത്യയിലെ ഏറ്റവും വലിയ സായുധ വെല്ലുവിളി എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതുപോലെ പുന്നപ്ര വയലാര്‍ സമരം, കയ്യൂരിലും വടക്കേ മലബാറിലുമുടനീളം സാമ്രാജ്യത്വത്തിനും നാടുവാഴിത്വത്തിനുമെതിരായി നടന്നിട്ടുള്ള സമരങ്ങള്‍, മലബാര്‍ കലാപത്തോടനുബന്ധിച്ചുണ്ടായ വാഗണ്‍ കൂട്ടക്കൊല, ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ആശങ്ങളാലും മൂല്യങ്ങളാലും പ്രചോദിതമായി നടന്ന വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയെല്ലാം കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തിന്റെ ഉജ്ജ്വലമായ ഏടുകളാണ്. ഈ സ്വാതന്ത്ര്യസമരത്തില്‍ നേതൃത്വം നല്‍കിയ രക്തസാക്ഷികളായ, മര്‍ദ്ദനം ഏറ്റുവാങ്ങിയ, കൊടിയ പീഡനങ്ങളും സഹനങ്ങളും അനുഭവിച്ച അനേകായിരങ്ങള്‍ ഈ കേരളത്തിലുണ്ട്. അവരില്‍ ചിലരുടെ പേരുകള്‍ വളരെ പെട്ടെന്ന് നമുക്ക് ഓര്‍മ്മയില്‍വരും.
ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതി കീഴടങ്ങുന്നതിനുപകരം ആത്മഹത്യയെ രക്തസാക്ഷിത്വമാക്കി മാറ്റിയ വേലുത്തമ്പി ദളവയും പഴശിരാജയും അക്കൂട്ടത്തിലുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യ മലയാളി പ്രസിഡന്റായിരുന്ന, ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ വൈസ്രോയിയുടെ കൗണ്‍സിലില്‍നിന്ന് രാജിവച്ച് ഇറങ്ങിപ്പോന്ന ചേറ്റൂര്‍ ശങ്കരന്‍നായര്‍, കോഴിക്കോട് കടപ്പുറത്ത് ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുക്കുമ്പോള്‍ കൊടിയ മര്‍ദ്ദനത്തിനിരയാകുമ്പോഴും ത്രിവര്‍ണ്ണ പതാക വിട്ടുക്കൊടുക്കാതെ നെഞ്ചോടടക്കിപ്പിടിച്ച് മുദ്രാവാക്യം മുഴക്കിയ പി. കൃഷ്ണപ്പിള്ള, സ്വാതന്ത്ര്യ പുലരിയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി ആഘോഷിക്കേണ്ടിവന്ന എ.കെ.ജി., അന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റ് ആയിരം രൂപ തലയ്ക്ക് വിലയിട്ട ഇ.എം.എസ്., സ്വാതന്ത്ര്യസമരത്തിന്റെ സമുന്നത നേതാവായിരുന്ന കേരളഗാന്ധി കെ. കേളപ്പന്‍ എന്നിങ്ങനെ ധാരാളം ആളുകളെ ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഓര്‍മ്മിക്കാന്‍ കഴിയും.
സ്വാതന്ത്ര്യസമരം ഇന്ത്യയിലാകെ ആണ്‍ പോരാട്ടം മാത്രമായിരുന്നില്ല, സ്ത്രീകളുടെ വർധിച്ച പങ്കാളിത്തവും ത്യാഗങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. കേരളത്തിലും സ്ത്രീകള്‍ സ്വാതന്ത്ര്യസമരത്തിന്റെ മുന്‍നിരയിലുണ്ടായിട്ടുണ്ട്. ബ്രിട്ടീഷ് പോലീസ് മേധാവിയോട്, വെടിവയ്ക്കുന്നെങ്കില്‍ തന്നെ ആദ്യം വെടിവയ്ക്കാന്‍ പറഞ്ഞ അക്കാമ്മ ചെറിയാന്റെ ധീരത നമ്മുടെ മുമ്പിലുണ്ട്. അതുപോലെ, ലോക സൈനിക ചരിത്രത്തിലാദ്യമായി ഒരു റെജിമെന്റിനെ നയിച്ച വനിത എന്നറിയപ്പെടുന്ന, സ്റ്റെതസ്കോപ്പിനോടൊപ്പം തോക്കും ആയുധമാക്കി പൊരുതിയ ക്യാപ്റ്റന്‍ ലക്ഷ്മിയും എ.വി.കുട്ടിമാളു അമ്മയും അമ്മു സ്വാമിനാഥനും ആനി മസ്ക്രീനും കെ.ആര്‍.ഗൗരിയമ്മയും ഉള്‍പ്പെടെയുള്ള ധീരവനിതകളുടെ ഒരു നീണ്ടനിരതന്നെ കേരളത്തില്‍നിന്നുള്ള സ്വാതന്ത്ര്യസമര പോരാളികളായി നമ്മുടെ മുമ്പിലുണ്ട്.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവേളയില്‍ വിശേഷാല്‍ സമ്മേളനം ചേരുന്നതും ഈ ചരിത്രത്തെ ഓര്‍മ്മിക്കുന്നതും ചരിത്രത്തിന്റെ വീരേതിഹാസങ്ങള്‍ അയവിറക്കാന്‍വേണ്ടി മാത്രമല്ല, ചരിത്രത്തെ നാം ഓര്‍മ്മിക്കുന്നത്, ആ ചരിത്രത്തിന്റെ പാഠങ്ങള്‍ ശരിയായി ഉള്‍ക്കൊള്ളാന്‍വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘാേഷിക്കുമ്പാേള്‍ നമുക്ക് പുതുക്കാനുള്ള പ്രതിജ്ഞ ഇൗ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കും എന്നതാണ്. ഇന്‍ഡ്യയിലെ ജനങ്ങള്‍ ഭരണഘടന ആരംഭിക്കുന്നതുപാേലെ ഇന്‍ഡ്യയിലെ ജനങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ സമരമുഖങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ച പാേരാളികുളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇന്‍ഡ്യയെ ഒരു മതനിരപേക്ഷ ജനാധിപത്യരാഷ്ട്രമായി സമത്വവും സാഹാേദര്യവും നീതിയും പുലരുന്ന ഒരു രാഷ്ട്രമായി നിലനിര്‍ത്താനുള്ള പാേരാട്ടത്തിന്റെ പ്രതിജ്ഞ പുതുക്കുന്ന ഒരു ചരിത്രസന്ദര്‍ഭമായി ഇതിനെ മാറ്റാമെന്ന് സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

