ഐ.പി.എസ് അസോസിയേഷൻ യോഗം വിളിക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: നിയമാവലി രൂപവത്കരിക്കുന്നതിനും രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കുന്നതിനും ഐ.പി.എസ് അസോസിയേഷൻ യോഗം അടിയന്തരമായി വിളിച്ചുചേർക്കാൻ ധാരണയായി. ഇതുസംബന്ധിച്ച് അസോസിയേഷൻ സെക്രട്ടറിയും ദക്ഷിണമേഖല ഐ.ജിയുമായ മനോജ് എബ്രഹാം അംഗങ്ങൾക്ക് വാട്സ്ആപ് മുഖേന സന്ദേശം നൽകി. അസോസിയേഷെൻറ യോഗം ഉടൻ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിമാരായ രാഹുൽ ആർ.നായർ, ഹരിശങ്കർ, എസ്.പി ജെ. ജയനാഥ് എന്നിവർ കഴിഞ്ഞ ആഴ്ച അസോസിയേഷെൻറ താൽക്കാലിക പ്രസിഡൻറ് ഋഷിരാജ് സിങ്ങിന് കത്ത് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ബുധനാഴ്ച യോഗം വിളിക്കാൻ തീരുമാനമായത്.
നിയമാവലി പരിഷ്കരണവുമായി ബന്ധപ്പെട്ടാണ് യോഗം ചേരുന്നതെങ്കിലും പ്രധാന അജണ്ട അസോസിയേഷൻ തെരഞ്ഞെടുപ്പായിരിക്കും. ഈ നീക്കം മുന്നിൽകണ്ട് നിലവിലെ ഭരണവിഭാഗം തന്ത്രങ്ങൾ മെനയുന്നുണ്ടെങ്കിലും എന്തുവിലകൊടുത്തും അസോസിയേഷൻ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് തച്ചങ്കരിയുടെ നേതൃത്വത്തിലെ വിമതവിഭാഗം. യോഗത്തിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ച് വെള്ളിയാഴ്ച പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ നേതൃത്വത്തിൽ യുവ ഐ.പി.എസ് ഓഫിസർമാരുടെ യോഗം ചേർന്നിരുന്നു. നിലവിൽ സംഘടനയുടെ പ്രവർത്തനത്തിൽ അതൃപ്തിയുള്ള യുവ ഐ.പി.എസ് ഉദ്യോഗസ്ഥരെ പരമാവധി കൂടെനിർത്താനാണ് തച്ചങ്കരി വിഭാഗം ശ്രമിക്കുന്നത്. 90 ഐ.പി.എസ് ഉദ്യോഗസ്ഥരാണ് സംഘടനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.