‘വീര്യം’കുറയാതെ കരട് ധനബിൽ; വിവാദ നികുതി നിർദേശം കരട് ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ
text_fieldsതിരുവനന്തപുരം: ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിനുള്ള വിവാദ നികുതി നിർദേശം കരട് ധനബില്ലിൽ ഉൾപ്പെടുത്തി സർക്കാർ. ജൂലൈ ഒന്നിന് ബിൽ നിയമസഭയിൽ അവതരിപ്പിക്കും. ചട്ടപ്രകാരം ധനബില്ലുകൾ ധനമന്ത്രി നിയമസഭയിൽ വെക്കുന്നതോടെ നികുതി ഭേദഗതി പ്രാബല്യത്തിൽ വരുമെങ്കിലും വീര്യം കുറഞ്ഞ മദ്യത്തിന്‍റെ കാര്യത്തിൽ മദ്യനയം വന്നശേഷമേ തീരുമാനമുണ്ടാകൂ. ഗസറ്റ് വിജ്ഞാപനം വഴി സർക്കാർ നിശ്ചയിക്കുന്ന തീയതിയിലേ നികുതി ഘടന പ്രാബല്യത്തിലാകൂവെന്ന് ബില്ലിൽ കൃത്യമായി പറയുന്നുണ്ട്.
മദ്യനയത്തിലാണ് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയെന്നും ബിൽ പാസായാലും യു.ഡി.എഫ് തീരുമാനം മറിച്ചെങ്കിൽ ഇവ കേരളത്തിൽ വിൽക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. പുതിയ നികുതികൾ ചുമത്തൽ, നിലവിലെ നികുതികളിൽ മാറ്റംവരുത്തൽ എന്നിവയിൽ നിയമസഭയുടെ അംഗീകാരം വാങ്ങുന്ന പ്രക്രിയയാണ് ധനബിൽ അവതരണം. സാങ്കേതിക നടപടിക്രമമായതിനാൽ ധനബില്ലിൽനിന്ന് മദ്യനികുതി നിർദേശം പിൻവലിക്കേണ്ട കാര്യമില്ലെന്നും സർക്കാർ വിശദീകരിക്കുന്നു.
1963ലെ കേരള പൊതുവിൽപന നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് ‘വീര്യം കുറഞ്ഞ മദ്യ’ത്തെ നികുതി പരിധിയിൽ ഉൾപ്പെടുത്തിയത്. ബിൽ പ്രകാരം ആൾക്കഹോളിന്‍റെ അളവ് 0.5 ശതമാനം മുതൽ 10 ശതമാനം വരെയുള്ള മദ്യത്തിന് 120 ശതമാനവും 10 ശതമാനം മുതൽ 20 വരെയുള്ളവക്ക് 175 ശതമാനവുമാണ് നികുതി. അതേസമയം, സംസ്ഥാനത്ത് സ്പിരിറ്റില്‍ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതി നില നിൽക്കെ, വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി നിശ്ചയിച്ച നടപടി മദ്യക്കമ്പനികൾക്ക് വേണ്ടിയെന്നാണ് പ്രതിപക്ഷ വിമർശനം.
നിലവിലെ മദ്യനികുതിയുമായി താരതമ്യം ചെയ്യുമ്പോൾ 0.5 -10 കാറ്റഗറിക്ക് 131 ശതമാനവും 10 -20 കാറ്റഗറിയിലുള്ളവക്ക് 76 ശതമാനവും നികുതിയിളവ് കമ്പനികൾക്ക് ലഭിക്കും. കമ്പനികളെല്ലാം നികുതി കുറവുള്ള വീര്യം കുറഞ്ഞ മദ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നതോടെ ഒരുഭാഗത്ത് ഖജനാവിന് വലിയ നഷ്ടമുണ്ടാകുമെന്നും മറുഭാഗത്ത് ഇവ സുലഭമാകുന്നതോടെ സമൂഹത്തിൽ വൻതോതിൽ മദ്യവ്യാപനത്തിന് വഴിയൊരുക്കുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
നികുതി നിർദേശങ്ങൾക്ക് ചട്ടപ്രകാരമുള്ള അംഗീകാരത്തിന് സമർപ്പിക്കുന്നുവെന്നതിനപ്പുറം ഇതുവഴി മദ്യക്കമ്പനികൾക്ക് ഏതെങ്കിലും തരത്തിൽ അവകാശവാദങ്ങൾക്കുള്ള നിയമസാധുത ലഭിക്കില്ലെന്നാണ് സർക്കാർ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

