കസ്റ്റഡിയിൽ മർദനം; വിദ്യാർഥിക്ക് രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം -മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: റോഡരികിൽ ബസ് കാത്തിരുന്ന വിദ്യാർഥിയെ വെഞ്ഞാറമൂട് എസ്.ഐയും പൊലീസുകാരും ചേർന്ന് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ രണ്ടുലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. 2023 ഫെബ്രുവരി 22ന് വെഞ്ഞാറമൂട് തൈക്കാട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ആറാഴ്ചക്കുള്ളിൽ തുക നൽകണം. അതിനുശേഷം എസ്.ഐ.യിൽ നിന്നും 1,60,000 രൂപയും നാലുപൊലീസുകാരിൽ നിന്നും 10,000 രൂപ വീതവും നിയമാനുസൃതം തിരിച്ചുപിടിക്കാം. ആറാഴ്ചക്കുള്ളിൽ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ എട്ട് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മൂന്നുമാസത്തിനകം കമീഷൻ ഓഫീസിൽ സമർപ്പിക്കണം.
20 വയസ് പ്രായമുള്ള വിദ്യാർഥിയെ പൊലീസ് ക്രൂരമായി മർദിച്ചതായി ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും റിപ്പോർട്ടുകൾ വഴി സമ്മതിച്ചിട്ടും എസ്.ഐ.ക്ക് താക്കീതെന്ന സാമാന്യം ലഘുവായ ശിക്ഷ മാത്രം ജില്ല പൊലീസ് മേധാവി നൽകിയതിൽ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആശ്ചര്യം രേഖപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് സർക്കാർ പുന:പരിശോധിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. എസ്.ഐക്കും വിദ്യാർഥിയെ മർദിച്ച നാലുപൊലീസുകാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാത്ത സാഹചര്യത്തിൽ, ഉചിതമായ അച്ചടക്ക നടപടികൾ സംസ്ഥാന പൊലീസ് മേധാവിയും ജില്ല പൊലീസ് മേധാവിയും നിയമാനുസൃതം സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
മർദനത്തെതുടർന്ന് വിദ്യാർഥിയുടെ ഇടതു കൈയിലും നെഞ്ചിന്റെ ഇടതുവശത്തും വലതുതോളിലും പരിക്കേറ്റു. ഇടതു ചെവിയിൽ രക്തം ഉണങ്ങി കിടപ്പുണ്ട്. പൊതുജനമധ്യത്തിൽ തന്റെ അന്തസിനെ ചോദ്യം ചെയ്ത വിദ്യാർഥിയുടെ പേരിൽ നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്ന് എസ്.ഐ കമീഷനിൽ മൊഴി നൽകി. എന്നാൽ കലുങ്കിൽ ഇരുന്ന സമയം പൊലീസുകാരെ കണ്ട് ഓടാത്തതു കൊണ്ടാണ് തന്നെ ജീപ്പിൽ കയറ്റി കൊണ്ടുപോയതെന്ന് പരാതിക്കാരനായ വിദ്യാർഥി പറഞ്ഞു.
തന്റെ കൈയ്യിൽ വിലങ്ങ് വെച്ചെന്നും വിദ്യാർഥി പറഞ്ഞു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച കമീഷനും സർക്കാറും എസ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥിയെ ദേഹോപദ്രവം ഏൽപ്പിക്കുന്ന രംഗങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. എസ്.ഐ യുടെയും പൊലീസുകാരുടെയും ഭാഗത്ത് അച്ചടക്കലംഘനമുണ്ടായതായി കമീഷൻ അന്വേഷണ വിഭാഗവും കണ്ടെത്തിയിരുന്നു. കോരാണി ചെമ്പകമംഗലം സ്വദേശിയാണ് വിദ്യാർഥി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

