‘പുറത്താക്കി ഡോർ അടച്ചു’; ഡൽഹിയിലെത്തിയ പഞ്ചാബ് ലവ്‍ലി സർവകലാശാല വിദ്യാർഥികളെ കൈയൊഴിഞ്ഞ് കേരള ഹൗസ് അധികൃതർ
text_fields
ന്യൂഡൽഹി: പഞ്ചാബ് ലവ്‍ലി സർവകലാശാല സംഘർഷത്തിന് പിന്നാലെ ഡൽഹിയിലെത്തിയ വിദ്യാർഥികളോട് കേരള ഹൗസ് അധികൃതർ മോശമായി പെരുമാറിയെന്ന് പരാതി. നാട്ടിലേക്ക് എത്താൻ സൗകര്യം തേടിയ തങ്ങളെ ഉദ്യോഗസ്ഥർ ഇറക്കിവിട്ടെന്നാണ് വിദ്യാർഥികളുടെ പരാതി.
ടിക്കറ്റ് നൽകുന്നില്ലെങ്കിൽ സ്വന്തം ചെലവിൽ ടിക്കറ്റ് എടുക്കുന്നത് വരെ താമസ സൗകര്യം നൽകുമോയെന്ന ആവശ്യവും അംഗീകരിച്ചില്ല. അധികൃതർ മോശമായി പെരുമാറി ഓഫീസിൽ നിന്ന് ഇറക്കിവിട്ട് ഡോർ ക്ലോസ് ചെയ്തെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.
നാട്ടിലേക്ക് എത്തിക്കാൻ വേണ്ട സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും, മന്ത്രി റോജി എം. ജോണും ഉറപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വിദ്യാർഥികൾ സഹായത്തിനായി കേരള ഹൗസിലെത്തിയത്. തങ്ങൾക്ക് നൽകിയ വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്ന് വിദ്യാർഥികൾ പറഞ്ഞു. സർവകലാശാലയിലെ ചില വിദ്യാർഥികൾ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങിയിരുന്നു. മറ്റ് വിദ്യാർഥികളാണ് സഹായം തേടി കേരള ഹൗസിലെത്തിയത്.
സംഭവത്തെത്തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അവരെ നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും വി. ശിവദാസൻ എം.പി ആവശ്യപ്പെട്ടു. സർക്കാരിന് സാധിച്ചില്ലെങ്കിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്ത് നൽകുമെന്ന് എസ്.എഫ്.ഐ അറിയിച്ചു.
പഞ്ചാബിലെ ലവ്‍ലി പ്രഫഷണൽ യൂണിവേഴ്സിറ്റിയിൽ (എൽ.പി.യു) വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായതിന് പിന്നാലെ സർവകലാശാല അടച്ചിടാൻ തീരുമാനിരുന്നു. 10 ദിവസത്തേക്ക് ക്ലാസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. മിഡ്‌ടേം പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി സർവകലാശാല അറിയിച്ചു. 10 ദിവസത്തെ ഇടവേളയിൽ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതിയോടെ വിദ്യാർഥികൾക്ക് സ്വന്തം നാടുകളിലേക്ക് പോകാമെന്ന് സർവകലാശാല അറിയിച്ചു.
കാമ്പസിൽ ഒരു പെൺകുട്ടിയെ പുറത്തുനിന്നെത്തിയ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചെന്ന തരത്തിലുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പെൺകുട്ടി ആത്മഹത്യ ചെയ്തെന്ന തരത്തിലുള്ള പ്രചാരണവും ഉണ്ടായിരുന്നു. തുടർന്ന് വിദ്യാർഥികളും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. അക്രമങ്ങളെ തുടർന്ന് സർവകലാശാലയുടെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

