ആ വിലവിവര പട്ടിക ഞങ്ങളുടേതല്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ
text_fieldsകോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിലവിവര പട്ടികയുമായി സംഘടനക്ക് ബന്ധമില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ. കഴിഞ്ഞ ദിവസങ്ങളിലായാണ് പുതുക്കിയ വിലവിവര പട്ടികയെന്ന നിലയിൽ നോട്ടീസ് പ്രചരിക്കുന്നത്.
കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്റെ പേര് വെച്ചിറങ്ങിയ നോട്ടീസ് നാഥനില്ലാത്ത ഒന്നാണെന്നും ഇത്തരത്തിൽ വില ഏകീകരിക്കുന്ന പതിവ് അസോസിയേഷനില്ലെന്നും ഭാരവാഹികൾ പറയുന്നു.
നിലവിൽ അമ്പത് രൂപ മുതൽ ബിരിയാണി അരി ലഭിക്കും. അങ്ങനെ വരുമ്പോൾ, വലിയ വില കൊടുത്ത് വാങ്ങിയ അരി കൊണ്ട് ബിരിയാണി ഉണ്ടാക്കി വിൽക്കുന്നവരോട് എങ്ങനെ നിശ്ചിത വില നിർദേശിക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ ചോദിക്കുന്നത്. അംഗീകരിക്കാൻ പറ്റാത്ത പ്രവണതയാണിതെന്നും കച്ചവടക്കാർ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണുള്ളത്. ഭക്ഷ്യവസ്തുക്കൾക്കെല്ലാം വൻതോതിൽ വില വർധിച്ച സാഹചര്യത്തിൽ വ്യാപാരികളുടെ നെഞ്ചിൽ തീയാണിപ്പോഴുള്ളത്. പക്ഷെ, ഈ രീതിയിൽ ആധികാരികമല്ലാതെ വില വിവരപട്ടിക പ്രചരിപ്പിക്കുന്നത് തെറ്റായ പ്രവണതയാണെന്ന് വ്യാപാരികൾ തന്നെ പറയുന്നു.
വ്യാജ നോട്ടീസിൽ ചായ 14, കാപ്പി 15, കട്ടൻ 12, പത്തിരി 14, ബോണ്ട 14, പരിപ്പുവട 14, ഉള്ളി വട 14, പഴം ബോളി 15, ബ്രൂ കോഫി 30, ബൂസ്റ്റ് 30, ഹോർലിക്സ് 30, പൊറോട്ട 15, അപ്പം 15, മുട്ടക്കറി 40, കടലക്കറി 40, നാരാങ്ങാവെള്ളം 25 എന്നിങ്ങനെയാണ് വില. ഇതിൽ നാരാങ്ങാവെള്ളത്തിന്റെ 25 രൂപയാണ് കൂടുതൽ ചർച്ചയായത്. ഇത്തരം വ്യാജ നോട്ടീസിന്റെ മറവിൽ ചിലർ വില വർധിപ്പിക്കാൻ സാധ്യത കൂടുതലാണെന്ന് പറയുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.