പാമ്പുകടി മരണം: കാടുകൾ വെട്ടിത്തെളിക്കാൻ തദ്ദേശഭരണ വകുപ്പ് നടപടി സ്വീകരിക്കണം -ഹൈകോടതി
text_fieldsകൊച്ചി: പാമ്പ് കടിച്ച് മരണങ്ങൾ ആവർത്തിക്കാതിരിക്കാൻ ജനവാസമേഖലയിൽ പറമ്പുകൾ കാടുപിടിച്ചുകിടക്കുന്നത് തടയാൻ തദ്ദേശ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. ഇത് സംബന്ധിച്ച് അഡീ. ചീഫ് സെക്രട്ടറി തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് രണ്ടുമാസത്തിനകം നിർദേശം നൽകണമെന്ന് ജസ്റ്റിസ് വിജു എബ്രഹാം ഉത്തരവിട്ടു. വീടിനുസമീപത്തെ കാടു പിടിച്ച പറമ്പിൽനിന്ന് പാമ്പുകടിയേറ്റ് മാള കുണ്ടൂർ സ്വദേശിയായ മൂന്ന് വയസ്സുകാരി അർവിൻ മരിച്ചതിനെത്തുടർന്ന് മാതാപിതാക്കളായ ലയ, ബിനോയ് തുടങ്ങിയവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അർവിൻ മരിച്ചിട്ട് വെള്ളിയാഴ്ച രണ്ടുവർഷം തികയും.
2021 മാർച്ച് 24നാണ് കുട്ടി പാമ്പുകടിയേറ്റ് മരിച്ചത്. ഇവരുടെ വീടിന് തൊട്ടടുത്ത 75 സെൻറ് വരുന്ന പറമ്പ് വർഷങ്ങളായി കാടു പിടിച്ചുകിടക്കുകയാണ്. ഇത് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ ഭൂവുടമകളെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അർവിന്‍റെ മരണത്തെ തുടർന്ന് സമീപവാസികൾ പൊലീസിൽ പരാതി നൽകിയതോടെ ഭൂമിയിലെ കാട് വെട്ടിത്തെളിക്കാൻ പൊയ്യ പഞ്ചായത്ത് സെക്രട്ടറി ഭൂവുടമകൾക്ക് നോട്ടീസ് നൽകി. എന്നാൽ, ഇതിലും നടപടിയുണ്ടായില്ല. പിന്നീട് ആർ.ഡി.ഒക്ക് പരാതി നൽകിയെങ്കിലും ഭൂവുടമകൾ ഹാജരായില്ല. തുടർന്ന്, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പറമ്പ് വൃത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
പറമ്പിലെ കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കാൻ പൊയ്യ പഞ്ചായത്ത് സെക്രട്ടറി ഭൂവുടമകൾക്ക് നോട്ടീസ് നൽകാനും ഇതിൽ ഭൂവുടമകൾ നടപടിയെടുക്കാനും ഹൈകോടതി നിർദേശിച്ചു. ഭൂവുടമകൾ വീഴ്ച വരുത്തിയാൽ പഞ്ചായത്ത് സെക്രട്ടറി അധികാരമുപയോഗിച്ച് പറമ്പ് വൃത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും ഇതിന്‍റെ ചെലവ് ഭൂവുടമകളിൽനിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. തുടർന്നാണ്, സംസ്ഥാനത്ത് പലയിടത്തും ഇത്തരത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പറമ്പുകൾ കാടുപിടിച്ചു കിടക്കുന്നുണ്ടെന്ന് വിലയിരുത്തിയ കോടതി അഡീ. ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

