കേരളത്തിൽ അതിവേഗ റെയിൽപാത, വേഗം മണിക്കൂറിൽ 200 കി.മീ; പൊന്നാനിയിൽ ഓഫിസ് തുടങ്ങി ഡി.എം.ആർ.സി
text_fieldsപൊന്നാനി: സംസ്ഥാനത്ത് അതിവേഗ റെയിൽപാത നിർമിക്കുന്നതിനുള്ള ഡി.പി.ആർ തയാറാക്കുന്നതിനായി പൊന്നാനിയിൽ ഡി.എം.ആർ.സി ഓഫിസ് തുടങ്ങി. അതിവേഗ പാതയുടെ വിശദ പദ്ധതിരേഖ ഓഫിസ് കേന്ദ്രീകരിച്ച് തയാറാക്കും. മെട്രോമാൻ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡി.പി.ആർ തയാറാക്കുന്നത്. ആദ്യഘട്ടത്തിൽ രണ്ട് ഉദ്യോഗസ്ഥരെയാണ് ഓഫിസിൽ നിയമിച്ചിട്ടുള്ളത്. നാളെ തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അതിവേഗ റെയിൽപാതയുടെ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പാത നിർമിക്കുക. 430 കിലോമീറ്റർ നീളത്തിലാണ് പാത വിഭാവനം ചെയ്യുന്നത്. 200 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയും വിധത്തിലാണ് പദ്ധതി രൂപകൽപന ചെയ്യുന്നത്. കേരളത്തിൽ അതിവേഗ റെയിൽപാതയുടെ ഡി.പി.ആർ തയാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ഡി.എം.ആർ.സി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഒമ്പതു മാസത്തിനകം ഡി.പി.ആർ പൂർത്തിയാക്കാനാവുമെന്ന് ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് ഉറപ്പുനൽകിയിട്ടുണ്ട്.
2009ൽ ഇ. ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ പാതക്കായി തയാറാക്കിയ ഡി.പി.ആറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാകും പുതിയ പദ്ധതി തയാറാക്കുക. നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകൾക്ക് മുൻഗണന നൽകാനും ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

