വിഭാഗീയതയുടെ പേരിൽ നമസ്കാരവും ഖബറടക്കവും വിലക്കാനാവില്ല -ഹൈകോടതി
text_fieldsകൊച്ചി: പ്രാർഥനക്കോ മൃതദേഹം ഖബറടക്കുന്നതിലോ വിഭാഗീയതയുടെ പേരിൽ മഹൽ അംഗങ്ങളെ തടയാൻ ജമാഅത്ത് കമ്മിറ്റിക്കടക്കം അധികാരമില്ലെന്ന് ഹൈകോടതി. കേരള നദ്വത്തുൽ മുജാഹിദീൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ വഖഫ് ചെയ്യപ്പെട്ട പള്ളിയിൽ 40ലേറെ പേർക്ക് നമസ്കാരത്തിനും ഖബറടക്കത്തിനും വിലക്കേർപ്പെടുത്തിയ പാലക്കാട് എലപ്പുള്ളി ഏറാഞ്ചേരി ജമാഅത്ത് കമ്മിറ്റിയുടെ നടപടിക്കെതിരെയാണ് ജസ്റ്റിസ് എസ്.വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
ഏറാഞ്ചേരി ജമാഅത്തിലെ അംഗങ്ങളായ മുഹമ്മദ് ഹനീഫ്, ഹസൻ മുഹമ്മദ് തുടങ്ങി 40 പേരെയാണ് 2007 മാർച്ചിൽ കെ.എൻ.എം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ജമാഅത്തിൽനിന്ന് പുറത്താക്കുകയും ഊരുവിലക്ക് ഏർപ്പെടുത്തുകയും ചെയ്തത്. ഇതിനിടെ 2007 ഒക്ടോബർ 18ന് മരിച്ച മുഹമ്മദിന്‍റെ ഖബറടക്കവുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നമുണ്ടാവുകയും പാലക്കാട് ആർ.ഡി.ഒയും മറ്റും ഇടപെട്ട് പ്രശ്നം രമ്യതയിലാക്കി ഖബറടക്കം അനുവദിക്കുകയും ചെയ്തു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരം പരിഹാരം ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ട വിഭാഗം ആർ.ഡി.ഒക്ക് പരാതി നൽകി.
മറ്റൊരു ഖബർസ്ഥാൻ കണ്ടെത്തുന്നത് വരെ മുജാഹിദ് വിഭാഗക്കാരുടെ മൃതദേഹം അടക്കുന്നത് തടയരുതെന്ന് 2007 നവംബർ മൂന്നിന് സർവകക്ഷി യോഗം വിളിച്ചശേഷം ആർ.ഡി.ഒ നിർദേശിച്ചു. പള്ളിയോ ഖബർസ്ഥാനോ ഇല്ലാത്തതിനാൽ ഭാവിയിലും വിലക്ക് ഉണ്ടാകാമെന്ന് ഭയന്ന് മുഹമ്മദ് ഹനീഫും മറ്റും വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചു. മഹല്ലിന്‍റെ പരിപാലനം നിർവഹിക്കുന്ന വിഭാഗക്കാർക്കെന്ന പോലെ ഹരജിക്കാർക്കും ഇതേ പള്ളിയിൽ പ്രാർഥനക്കും മൃതദേഹം ഖബറടക്കാനും അവകാശമുണ്ടെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതിനെതിരെയാണ് ഹൈകോടതിയെ സമീപിച്ചത്.
ട്രൈബ്യൂണൽ ഉത്തരവ് തെറ്റാണെന്നും ഭരണഘടന ലംഘനമാണെന്നും പള്ളിക്കമ്മിറ്റിക്കാർ ഹൈകോടതിയിൽ വാദിച്ചു. എന്നാൽ, ഈ വാദം തള്ളിയ ഡിവിഷൻബെഞ്ച് ഇവരെ പുറത്താക്കുകയും വിലക്കേർപ്പെടുത്തുകയും ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. എല്ലാ മുസ്ലിംകൾക്കും ഏത് പള്ളിയിലും നമസ്കരിക്കാനും പൊതു ഖബർസ്ഥാനിൽ ഖബറടക്കാനും അവകാശമുണ്ടായിരിക്കെ ഈ വാദം നിയമപരമായി നിലനിൽക്കുന്നതല്ല. ജമാഅത്തിലെ അംഗങ്ങളാണ് ഇവരും. എല്ലാവർക്കും പ്രാർഥന നടത്താനുള്ളതാണ് പള്ളി. ഒരു കൂട്ടർക്ക് മറ്റൊരു കൂട്ടരെ തടയാനാവില്ല. അന്തസ്സോടെയുള്ള അന്ത്യ ചടങ്ങിനും ഖബറടക്കത്തിനുമുള്ള പൗരാവകാശം തടയാനും ആർക്കുമാവില്ല. ട്രൈബ്യൂണൽ ഉത്തരവ് അപാകതകളില്ലാത്തതാണെന്നും വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

