നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: സ്വമേധയാ കേസെടുത്ത് ഹൈകോടതി; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
text_fieldsകൊച്ചി: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി കേരള ഹൈകോടതി. സംഭവത്തിൽ സ്വമേധയാ ഫയൽ ചെയ്ത പൊതുതാൽപ്പര്യ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിന് കർശന നിർദേശം നൽകിയത്.
കേസിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ അഭിഭാഷകനോട് കോടതി നിർദേശിച്ചു. അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് മുദ്രവെച്ച കവറിൽ ഹാജരാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കുഞ്ഞിന്റെ മരണത്തിന് മുമ്പ് തന്നെ പീഡനവിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുത്തില്ലെന്ന പരാതി കോടതി ഗൗരവമായി കാണുന്നു. കുഞ്ഞിനെ അമ്മയുടെ പങ്കാളിയായ അഷ്കർ ക്രൂരമായി പീഡിപ്പിക്കുന്നുണ്ടെന്ന് കുഞ്ഞിന്റെ മുത്തശ്ശി ജില്ലാ ശിശുക്ഷേമ ഓഫീസർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായാണ് വിവരം. എന്നാൽ ഈ പരാതിയിൽ ഒരു നടപടിയും ഉണ്ടായില്ലെന്ന ആരോപണം കോടതി വാക്കാൽ പരാമർശിച്ചു.
സംസ്ഥാന പൊലീസ് മേധാവി, വനിത-ശിശുവികസന വകുപ്പ് എന്നിവരെ പ്രതിചേർത്തു കൊണ്ടുള്ള ഹരജിയിൽ, സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയെയും കോടതി അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. വനിത-ശിശുവികസന വകുപ്പിന്റെ നിർദേശങ്ങൾ നടപ്പിലാക്കുന്നത് സാമൂഹിക നീതി വകുപ്പായതിനാൽ അവർ കേസിൽ പ്രധാന കക്ഷിയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടാതെ, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നോട്ടീസ് അയച്ചു.
മെയ് 29-നാണ് ഭക്ഷണം കഴിക്കുന്നതിനിടെ ഛർദിച്ചുവെന്ന് പറഞ്ഞ് ഒന്നരവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ കുഞ്ഞ് മരിച്ചു. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിൽ നെഞ്ചിനേറ്റ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിൽ പകുതിയും പഴയ മുറിവുകളായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിൽ രണ്ടാനച്ഛൻ അഷ്‌കർ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ അഷ്‌കർ മർദ്ദിച്ചിരുന്നതായി കുഞ്ഞിന്റെ അമ്മ അഖിലയും സമ്മതിച്ചിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അഖിലക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ശിശുക്ഷേമ വകുപ്പിന് സംഭവിച്ച ഗുരുതരമായ വീഴ്ചകൾ വരും ദിവസങ്ങളിൽ കോടതിയിലെ ചർച്ചാ വിഷയമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

