ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇ റിപ്പോർട്ട് റദ്ദാക്കിയില്ല, തുടർ നടപടികൾ അവസാനിപ്പിച്ച് ഹൈകോടതി
text_fieldsകൊച്ചി: പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്കിൽ ശിരോവസ്ത്രം ധരിച്ച് കുട്ടിയെ പ്രവേശിപ്പിക്കണമെന്ന ഡി.ഡി.ഇ ഉത്തരവ് റദ്ധാക്കാതെ, കേസിലെ തുടർ നടപടികൾ ഹൈകോടതി അവസാനിപ്പിച്ചു. മകൾ സ്കൂൾ മാറുകയാണെന്ന പിതാവിന്‍റെ നിലപാട് അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി. സ്കൂളിന് വീഴ്ച പറ്റിയെന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്. വിദ്യാർഥിയെ പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപമാണെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. ശിരോവസ്ത്രം ധരിക്കാൻ കുട്ടിക്ക് അനുമതി നൽകാനും റിപ്പോർട്ടിൽ നിർദേശിച്ചിരുന്നു.
വിഷയത്തിൽ കൂടുതൽ ആരോപണങ്ങളുമായി സ്കൂൾ രംഗത്തെത്തി. തീവ്രവാദ സംഘടനകൾ വിഷയം ആളിക്കത്തിച്ചെന്നും അത്തരം ആളുകൾക്കൊപ്പമാണ് രക്ഷിതാവ് സ്കൂളിലെത്തിയതെന്നുമാണ് സ്കൂളിന്‍റെ വാദം. ഇത്തരം ഇടപെടലുകൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയാണ് എസ്.ഡി.പി.ഐയെന്നും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്കൂൾ ആരോപിച്ചു.
സ്കൂൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയെന്നും വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായാതായും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പോലും രക്ഷിതാവിന് ഫോൺകാൾ വന്നു. രക്ഷിതാവിന്‍റെ ഫോൺകാൾ വിശദാംശങ്ങൾ പരിശോധിക്കണം. ശിരോവസ്ത്രം നിരവധി രാജ്യങ്ങളിൽ വിലക്കിയിട്ടുള്ളതായും സ്കൂൾ അധികൃതർക്കുവേണ്ടി അഭിഭാഷകൻ വാദിച്ചു. പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് മാനേജ്മെന്റിനോട് കോടതി ചോദിച്ചു.
എന്നാൽ പ്രശ്നം വഷളാക്കാൻ സ്കൂൾ മാനേജ്മെന്റ് ശ്രമിക്കുന്നെന്നായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം. ലത്തീന്‍ കത്തോലിക്കാ മാനേജ്‌മെന്റിനോട് എതിര്‍പ്പില്ല. രാജ്യത്ത് നിരവധി സ്‌കൂളുകള്‍ മാനേജ്‌മെന്റ് നടത്തുന്നുണ്ട്. ഈ സ്‌കൂളില്‍ മാത്രമാണ് പ്രശ്‌നമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകളുടെ തുടർപഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തിൽ സംഘർഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷക്കും നന്മക്കും വേണ്ടി തുടർവിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനമെന്ന് പിതാവ് നേരത്തെ പ്രതികരിച്ചിരുന്നു. താൻ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

