മുസ്‍ലിം ഗേൾസ് സ്കൂളിലെ ആൺകുട്ടികളുടെ പ്രവേശനം; പുനഃപരിശോധിക്കുമെന്ന് ഹൈകോടതി
text_fieldsഈരാറ്റുപേട്ട: മുസ്‍ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സഹവിദ്യാഭ്യാസം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ നിർണായക ഇടപെടലുമായി ഹൈകോടതി ഡിവിഷൻ ബെഞ്ച്. സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതിന് വഴിയൊരുക്കിയ 2026 ഏപ്രിൽ 28ലെ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
കേസിൽ ഉയർന്നിട്ടുള്ള നിയമപരവും വസ്തുതാപരവുമായ വാദങ്ങൾ മെറിറ്റിൽ വീണ്ടും പരിഗണിക്കുന്നതിനായി ഹരജി പുനഃസ്ഥാപിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളി കൃഷ്ണ എസ്. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പെൺകുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന സ്കൂളിൽ സഹവിദ്യാഭ്യാസം ആരംഭിക്കുന്നതിന് ഈരാറ്റുപേട്ട നഗരസഭയുടെ അനുമതി തേടി സ്കൂൾ മാനേജ്മെന്‍റ് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാത്തതിനെ തുടർന്നാണ് കേസ് ഹൈകോടതിയിലെത്തിയത്.
നഗരസഭ സെക്രട്ടറി മൂന്ന് ദിവസത്തിനകം അനുമതി നൽകണമെന്നും അല്ലാത്തപക്ഷം നഗരസഭയുടെ അനുമതിയില്ലാതെയും സഹവിദ്യാഭ്യാസം ആരംഭിക്കാമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമീപത്തെ സ്കൂളുകളുടെ മാനേജർമാരും അധ്യാപകരും നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്‍റെ നടപടി.
ഹരജി അന്തിമമായി പരിഗണിക്കുമ്പോൾ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദങ്ങൾ കേൾക്കണമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇതേ വിഷയത്തിൽ ഒന്നാം അപ്പീലുകാരനായ എം.എം. എം.യു.എം യു.പി സ്കൂൾ കാരക്കാട് മാനേജർ കെ.എ. മുഹമ്മദ് അഷറഫ് നേരത്തെ മറ്റൊരു ഹരജി നൽകിയിരുന്നതും കോടതി ചൂണ്ടിക്കാട്ടി. ഈ ഹരജി നിലനിൽക്കെ, ബന്ധപ്പെട്ട കക്ഷികൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ പുതിയ ഹരജി പ്രവേശന ഘട്ടത്തിൽത്തന്നെ തീർപ്പാക്കിയതും ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. ഹരജിക്കാർക്കുവേണ്ടി അഡ്വ. കെ.എ. മൻസൂർ അലി, ഡോ. ജോർജ് അബ്രഹാം, അഡ്വ. നിഷ ജോർജ്, അഡ്വ. നവനീത് കൃഷ്ണൻ, അഡ്വ. ജോർജ് പൂന്തോട്ടം എന്നിവർ ഹാജരായി.
നിലവിൽ പ്രവേശനം നേടിയ ആൺകുട്ടികളെ ബാധിക്കില്ലെന്ന് സ്കൂൾ മാനേജർ
ഈരാറ്റുപേട്ട: മുസ്‍ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ് നിലവിൽ പ്രവേശനം നേടിയ വിദ്യാർഥികളെ ബാധിക്കില്ലെന്ന് സ്കൂൾ മാനേജർ എം.കെ. അൻസാരി പറഞ്ഞു. ആൺകുട്ടികൾക്ക് പ്രവേശനം നൽകാനായി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ അനുമതി ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയോ സ്റ്റേ ചെയ്യുകയോ ചെയ്തിട്ടില്ല. തദ്ദേശ സ്ഥാപനത്തിന്‍റെയും ബന്ധപ്പെട്ട വിദ്യാഭ്യാസ അധികാരികളുടെയും ആവശ്യമായ അനുമതികൾ നേടിയ ശേഷമാണ് സ്കൂളിൽ സഹവിദ്യാഭ്യാസം ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ അധ്യയനവർഷം പ്രവേശനം നേടിയ ആൺകുട്ടികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലെ സ്ഥിതി തുടരാമെന്നാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിട്ടുള്ളതെന്നും മാനേജർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

