പാലിയേക്കര: കരാറുകാരുടെ പിഴവിൽ നഷ്ടം തങ്ങൾക്കെന്ന് ടോൾ കമ്പനി, ദുരിതം ജനങ്ങൾക്കെന്ന് ഹൈകോടതി; ടോൾ വിലക്ക് തുടരും
text_fieldsകൊച്ചി: ദേശീയപാതയിൽ മണ്ണുത്തി-ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് പാലിയേക്കരയിൽ കോടതി ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരും. വിലക്ക് നീക്കുന്ന കാര്യത്തിൽ ഉപാധികളോടെ തിങ്കളാഴ്ച ഉത്തരവുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഉത്തരവ് പറയുന്നത് ഹൈകോടതി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ തുടങ്ങിയവരുടെ ഡിവിഷൻബെഞ്ച് നീട്ടിവെച്ചു. നിർമാണത്തിന് കരാറെടുത്തവരുടെ പിഴവിൽ തങ്ങളാണ് നഷ്ടം അനുഭവിക്കുന്നതെന്ന് ടോൾ കമ്പനി ചൂണ്ടിക്കാട്ടിയപ്പോൾ, ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നതെന്ന് കോടതി മറുപടി നൽകി.
അടിപ്പാത നിർമാണം നടക്കുന്ന മുരിങ്ങൂരിൽ ഞായറാഴ്ച സർവിസ് റോഡ് ഇടിയുകയും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ് മാറ്റിയത്. വിഷയത്തിൽ റിപ്പോർട്ട് തേടിയ കോടതി ഹരജി വീണ്ടും ബുധനാഴ്ചത്തേക്ക് മാറ്റി.
തിങ്കളാഴ്ച ഹരജി പരിഗണിക്കവേ മണ്ണിടിച്ചിൽ ഹരജിക്കാർ കോടതിയുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. എന്നാൽ, നിർമാണത്തിനിടെ സംഭവിച്ചതാണെന്നും പരിഹരിച്ചെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. അതേസമയം, സംഭവം സംബന്ധിച്ച് ഓൺലൈനിൽ ഹാജരായ തൃശൂർ ജില്ല കലക്ടർ അർജുൻ പാണ്ഡ്യനിൽനിന്ന് വിശദീകരണം തേടി. തൃശൂർ-എറണാകുളം ദിശയിൽ സർവിസ് റോഡിന്റെ ഒരുഭാഗം തകർന്നതായി കലക്ടർ അറിയിച്ചു. താൽക്കാലിക നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും സ്ഥിതി തുടരുന്നതായി തൃശൂർ കലക്ടർ അറിയിച്ചു. ദേശീയപാത അതോറിറ്റി പ്രശ്നം പരിഹരിച്ചശേഷം കലക്ടർക്ക് റിപ്പോർട്ട് നൽകണം.
കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത്, ഡി.സി.സി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് തുടങ്ങിയവരടക്കം നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

