രണ്ട് വിജിലൻസ് വിഭാഗങ്ങളെ വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയ നടപടി; സ്റ്റേ അനുവദിക്കാതെ ഹൈകോടതി
text_fieldsകൊച്ചി: സംസ്ഥാന വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയിലെ രണ്ട് വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്ക് ഹൈകോടതിയുടെ സ്റ്റേയില്ല.
ടി വൺ, ടി ടു സെക്ഷനുകളെ പരിധിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ആർ.ടി.ഐ കേരള ഫെഡറേഷനും അഭിഭാഷകനായ പി.കെ. മുരളികൃഷ്ണനും നൽകിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസറ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് സർക്കാറിന്റെ വിശദീകരണം തേടി. സർക്കാർ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
ഉന്നത ഉദ്യോഗസ്ഥർക്കെതിരായ അഴിമതി അന്വേഷണങ്ങളുമായി ബന്ധപ്പെട്ട രേഖകൾ കൈകാര്യം ചെയ്യുന്ന വിഭാഗങ്ങളെയാണ് നിയമസഭ സമ്മേളനം നടക്കുന്നതിനിടെ ഒക്ടോബർ 22ന് അസാധാരണ ഗെസറ്റ് വിജ്ഞാപനത്തിലൂടെ വിവരാവകാശ നിയമ പരിധിയിൽനിന്ന് ഒഴിവാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
2016ൽ വിജിലൻസിലെ ടി വിഭാഗത്തെ പൂർണമായും വിവരാവകാശ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഉത്തരവ് ഹൈകോടതി നിയമ നടപടികൾക്ക് പിന്നാലെ 2022ൽ സർക്കാർ പിൻവലിച്ചിരുന്നു. അതേ വിഭാഗത്തിലെ രണ്ട് സെക്ഷനുകളെ വീണ്ടും ഒഴിവാക്കിയത് സുതാര്യതയെയും പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തെയും ബാധിക്കുമെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമത്തിലെ വകുപ്പ് 24(4) പ്രകാരം അഴിമതിയും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങൾക്ക് നിയമപരമായ സംരക്ഷണമുണ്ടെന്നും ഒക്ടോബർ 22 ലെ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. അതീവ രഹസ്യ സ്വഭാവത്തിന്റെ ഗണത്തിൽ ഇവ വരുന്നില്ലെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അതീവ രഹസ്യ സ്വഭാവമുള്ളവയായതിനാൽ വിവരാവകാശ പരിധിയിൽ വരില്ലെന്ന ന്യായമാണ് സർക്കാർ ഉന്നയിച്ചത്. തുടർന്നാണ് ഇക്കാര്യത്തിൽ കോടതി സർക്കാറിന്റെ വിശദീകരണം തേടിയത്. വിവരാവകാശ പരിധിയിൽനിന്ന് ഒഴിവാക്കിയ സെക്ഷനുകളിൽ ഉൾപ്പെടുന്നത് എന്തൊക്കെയെന്ന് വിശദീകരിച്ച് മൂന്നാഴ്ചക്കകം സത്യവാങ്മൂലം ഫയൽ ചെയ്യാനാണ് സർക്കാറിനോട് നിർദേശിച്ചത്.

