ഗുരുവായൂരിലെ ആനകളുടെ ക്ഷേമം ഉറപ്പാക്കണം -ഹൈകോടതി
text_fieldsകൊച്ചി: മദപ്പാടുള്ളപ്പോൾ മാത്രമേ ഇരുമ്പ് ചങ്ങലയിൽ തളക്കാവൂ എന്നതടക്കം ഗുരുവായൂർ ദേവസ്വത്തിന് കീഴിലുള്ള പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ ക്ഷേമവും പരിപാലനവും ഉറപ്പാക്കാൻ നിർദേശങ്ങൾ നൽകി ഹൈകോടതി. ആനക്കോട്ടയിലെ അസൗകര്യം, ശുചിത്വത്തിന്റെയും മാലിന്യസംസ്കരണ സംവിധാനത്തിന്റെയും കുറവ് തുടങ്ങിയവ ആനകളുടെ ആരോഗ്യത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി ഏഷ്യൻ എലിഫന്റ് സൊസൈറ്റി പ്രസിഡന്റ് സംഗീത അയ്യർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ആനകളെ അശാസ്ത്രീയമായി തളക്കുന്നത് ഒഴിവാക്കണം, മദപ്പാടുള്ള സമയത്തൊഴികെ തളക്കാൻ ഇരുമ്പ് ചങ്ങലകൾക്ക് പകരം പരുത്തി കയറുകളോ മറ്റോ ഉപയോഗിക്കണം, തുടർച്ചയായി ഒരേ സ്ഥലത്ത് കെട്ടിയിടരുത്, 2019ലെ സർക്കാർ സർക്കുലർ പ്രകാരമുള്ള ശാസ്ത്രീയ ഭക്ഷണക്രമം ഉറപ്പാക്കണം, ശുദ്ധമായ കുടിവെള്ളത്തിനായി ആർ.ഒ പ്ലാന്റ് പ്രവർത്തനക്ഷമമാക്കണം, എല്ലാ ആനകളെയും ദിവസവും നാലു മുതൽ അഞ്ച് കിലോ മീറ്റർ വീതം നടത്തണം, ആഴ്ചയിലൊരിക്കലെങ്കിലും ഒഴുക്കുള്ള വെള്ളത്തിൽ കുളിപ്പിക്കണം, ആനക്കോട്ടയിൽ ഉടനീളം സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം, ആനക്കോട്ടയിലെ സ്ഥലപരിമിതി പരിഹരിക്കണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
നിലവിലെ 11 ഏക്കറിൽ 35ഓളം ആനകളെ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവുകൾ നടപ്പാക്കുന്നത് നിരീക്ഷിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ കോടതി ചുമതലപ്പെടുത്തി. ഹരജി സെപ്റ്റംബർ രണ്ടിന് വീണ്ടും പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകണം. സ്ഥലം ഏറ്റെടുക്കൽ നടപടിയുടെ പുരോഗതി അറിയിക്കാൻ ഗുരുവായൂർ ദേവസ്വത്തിനും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

