സ്റ്റേ ഉണ്ടെന്ന് കക്ഷികൾ വാക്കാൽ പറഞ്ഞാൽ കോടതികൾ വർഷങ്ങളോളം കേസ് നീട്ടിവെക്കുന്നു; ഗൗരവത്തോടെ കാണുമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സ്റ്റേ ഉത്തരവുകളുമായി ബന്ധപ്പെട്ട് ഹൈകോടതി നിർദേശം പാലിക്കാതെ കേസുകൾ കോടതികൾ അനിശ്ചിതമായി മാറ്റിവെക്കുന്നത് ഗൗരവത്തോടെ കാണുമെന്ന് ഹൈകോടതി. സ്റ്റേയുണ്ടെന്ന് അറിയിച്ചാൽ ഉത്തരവ് ഹാജരാക്കാനോ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാനോ കക്ഷികൾക്ക് നിർദേശം നൽകണമെന്ന സെപ്റ്റംബർ 23ലെ ഉത്തരവ് പാലിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ കോടതികൾക്ക് മുന്നറിയിപ്പ് നൽകിയത്.
സ്റ്റേ ഉത്തരവോ സത്യവാങ്മൂലമോ ലഭിച്ചാൽ മാത്രമേ കേസുകൾ മാറ്റിവെക്കാവൂ. മുൻ ഉത്തരവ് കൃത്യമായി പാലിക്കാൻ കോടതികൾ ബാധ്യസ്ഥരാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹൈകോടതി ഉത്തരവില്ലെങ്കിലും സ്റ്റേയുണ്ടെന്ന് കക്ഷികൾ വാക്കാൽ അറിയിക്കുമ്പോൾ വിചാരണ കോടതികൾ തുടർനടപടികൾ വർഷങ്ങളോളം നീട്ടിവെക്കുന്ന സ്ഥിതി വിലയിരുത്തിയായിരുന്നു നേരത്തേ ഹൈകോടതി ഉത്തരവുണ്ടായത്.
ഉത്തരവോ സത്യവാങ്മൂലമോ ലഭിക്കാതെ സ്റ്റേയുണ്ടെന്ന വാക്കാൽ പരാമർശത്തിന്റെ പേരിൽ കേസ് മാറ്റിവെച്ച ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടിയാണ് കോടതിയുടെ മുന്നറിയിപ്പിന് കാരണമായത്. 2019 മാർച്ച് 14ന് ഹൈകോടതി 10 ദിവസത്തേക്കുമാത്രം തുടർനടപടികൾ സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവിട്ട കേസായിരുന്നു ഇത്.

