'പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള ഹരജി': കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ ഹരജി ഹൈകോടതി തള്ളി
text_fieldsകൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ 'പ്രിയദർശിനി' സൗജന്യ ബസ് പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹരജി കേരള ഹൈകോടതി തള്ളി. സർക്കാരിന്റെ ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ള കേവല ഊഹാപോഹങ്ങൾ മാത്രമാണ് ഹരജിയെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ ഓർഡിനറി ബസുകളിൽ അമിത തിരക്ക് അനുഭവപ്പെടുന്നുണ്ടെന്നും ഇത് നിരന്തര വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ആരോപിച്ചാണ് അഖില പി.ആർ അടക്കമുള്ളവർ കോടതിയെ സമീപിച്ചത്. എന്നാൽ, അമിത തിരക്ക് മൂലമാണ് അപകടങ്ങൾ ഉണ്ടാകുന്നത് എന്ന വാദത്തെ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളും തെളിവുകളും ഹാജരാക്കാൻ ഹരജിക്കാർക്ക് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
"സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പ്രിയദർശിനി ബസ് പദ്ധതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ നൽകിയതാണ് ഈ ഹരജി. അമിത തിരക്ക് കാരണമാണ് അപകടങ്ങൾ ഉണ്ടായതെന്ന ആരോപണം സാധൂകരിക്കാൻ കൃത്യമായ തെളിവുകളൊന്നുമില്ല. അതിനാൽ ഈ പൊതുതാൽപ്പര്യ ഹരജി പരിഗണിക്കാൻ യാതൊരു കാരണവുമില്ല," എന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. അതേസമയം, ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മുൻകരുതലുകൾ സർക്കാർ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
പ്രിയദർശിനി പദ്ധതി വിവേചനപരമാണെന്ന് ആരോപിച്ച് സമർപ്പിച്ച മറ്റൊരു പൊതുതാൽപ്പര്യ ഹരജി ഇതേ ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. പുതിയ ഹരജിയിൽ ഹരജികർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് കെ.പി. സതീശൻ, അഡ്വ. സാബു പുള്ളൻ എന്നിവരും, കെഎസ്ആർടിസിക്ക് വേണ്ടി സ്റ്റാൻഡിംഗ് കൗൺസൽ ബി.എസ്. സ്വാതി കുമാറും, സർക്കാരിന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡർ ഒ.എ. നൂറിയയും ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

