സെനറ്റിനെയും ഗവർണറെയും വിമർശിച്ച് ഹൈകോടതി: എല്ലാവർക്കും ഇതു കുട്ടിക്കളി
text_fieldsകൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാൻസലറായ ഗവർണറും സെനറ്റും തമ്മിലെ തർക്കം അനാവശ്യമാണെന്നും വെറുതേ വിവാദമുണ്ടാക്കാനാണ് ശ്രമമെന്നും ഹൈകോടതി. സെനറ്റിൽനിന്ന് ഗവർണർ പുറത്താക്കിയതിനെതിരെ 15 അംഗങ്ങൾ നൽകിയ ഹരജിയിൽ വാദം കേൾക്കവെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇത് വാക്കാൽ പറഞ്ഞത്.
സെനറ്റിനെയും ഗവർണറെയും വിമർശിച്ച സിംഗിൾ ബെഞ്ച്, അധികാരസ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും എല്ലാവർക്കും ഇതു കുട്ടിക്കളിയാണെന്നും കുറ്റപ്പെടുത്തി. പുതിയ വി.സി വേണ്ടെന്നാണ് സെനറ്റിന്‍റെ നിലപാടെങ്കിൽ താൽക്കാലിക വി.സി തുടരട്ടെ. വി.സി നിയമനത്തിനുള്ള സർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ സെനറ്റിന് താൽപര്യമില്ലെങ്കിൽ പുറത്താക്കപ്പെട്ട അംഗങ്ങളുടെ ഹരജി തിരക്കിട്ട് പരിഗണിക്കേണ്ടതില്ല. സെനറ്റും ചാൻസലറും തമ്മിൽ ഉടമ-തൊഴിലാളി ബന്ധമല്ല. ചാൻസലറാണ് ശരിയെന്ന് പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സെനറ്റിന്‍റെ പ്രതിനിധിയില്ലാതെ സർച്ച് കമ്മിറ്റിക്ക് രൂപം നൽകി ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കിയാൽ സെനറ്റ് തങ്ങളുടെ പ്രതിനിധിയെ നൽകുമോയെന്ന ചോദ്യത്തിന് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി സർവകലാശാലയുടെ അഭിഭാഷകൻ തടസ്സവാദമുന്നയിച്ചു. ഇത് കോടതിയെ ചൊടിപ്പിച്ചു. നോമിനിയെ നൽകാതിരിക്കാൻ ഓരോരോ കാരണം വെറുതേ പറയരുത്.
വിജ്ഞാപനം പിൻവലിക്കാതെ പ്രതിനിധിയെ നൽകേണ്ടെന്ന് സെനറ്റ് പ്രമേയം പാസാക്കിയതിനെയും വിമർശിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിലാണ് പ്രമേയം പാസാക്കിയത്. കേസിലെ ഒരു കക്ഷി മറ്റൊരു കക്ഷിയോട് വിജ്ഞാപനം റദ്ദാക്കാൻ എങ്ങനെ ആവശ്യപ്പെടും? കോടതിയുടെ പരിഗണനയിലുള്ള വിജ്ഞാപനം ഗവർണർ എങ്ങനെ പിൻവലിക്കും? പ്രമേയം പാസാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണ്.
സെനറ്റിന് കോടതിയിൽ വിശ്വാസമില്ലേയെന്നും സിംഗിൾ ബെഞ്ച് ചോദിച്ചു. ഗവർണർ വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ കോടതി അത് റദ്ദാക്കിയാലും പോരേ? കുറേപ്പേർ ഇവിടെ സ്ഥാനമുണ്ടാക്കാൻ ശ്രമിക്കുന്നു. വിദ്യാർഥികൾക്ക് ഇതിലൊന്നും താൽപര്യം ഇല്ല. ഇലക്ഷൻ, അടിപിടി എന്നിങ്ങനെ അവർ വേറേ ലോകത്താണ്. മിടുക്കരായ കുറേ കുട്ടികൾ ഇതിനിടയിൽപെട്ട് കിടക്കുന്നു.
സർവകലാശാലയുടെ പേരിൽ വിദ്യാർഥികൾക്ക് അഭിമാനവും സന്തോഷവും വേണം. ഓക്സ്ഫഡ് സർവകലാശാലപോലെ നമ്മുടെ സർവകലാശാലകളുടെ പേരും പ്രശസ്തമാവണം. എന്നാൽ, ഇവിടെനിന്ന് കുട്ടികൾ വിദേശത്തേക്ക് പോവുകയാണ്. എന്നിട്ടും കണ്ണുതുറക്കുന്നില്ല. കോഴിക്കോട്ട് പതിമൂന്നുകാരി ലഹരിമരുന്ന് കാരിയറാണെന്ന വാർത്ത വരുന്നു. ഇത് വേദനിപ്പിക്കുന്ന സംഭവമാണെന്നും ഹൈകോടതി പറഞ്ഞു.
ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബില്ല് നിയമസഭയിൽ വരുന്ന കാര്യം കക്ഷികളിലൊരാൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. എന്നാൽ, രാഷ്ട്രീയം കോടതിക്ക് പുറത്ത് മതിയെന്ന് ഹൈകോടതി പറഞ്ഞു. ഹരജിയിൽ വ്യാഴാഴ്ചയും വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

