പാറശ്ശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് ഇടിമിന്നലേറ്റു
text_fieldsതിരുവനന്തപുരം: പാറശ്ശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് ഇടിമിന്നലേറ്റതായി റിപ്പോർട്ട്. സ്റ്റേഷൻ മാസ്റ്റർ ഷാബു, മിനിസ്റ്റീരിയൽ ജീവനക്കാരായ ശോഭ, രേഖ, സെലിൻ മേരി, ജയ എന്നിവർക്കാണ് വൈകീട്ടോടെ മിന്നലേറ്റത്. ഷാബുവിനെ സ്വകാര്യ ആശുപത്രിയിലും മറ്റ് നാല് പേരെ പാറശ്ശാല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകുന്നു. ആർക്കും ഗുരുതര പരിക്കില്ല.
കേരളത്തില്‍ തുലാമഴ ശക്തമാകുകയാണ്. ഞായറാഴ്ച മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്.
ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.
തെക്കുകിഴക്കൻ അറബിക്കടലിലും അതിനോടു ചേർന്ന ലക്ഷദ്വീപിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി മറ്റൊരു ന്യൂനമർദവുമുണ്ട്. ഇത് 25ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനും 26ന് രാവിലെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ‘അർണാബ്’ ചുഴലിക്കാറ്റായി മാറാനും സാധ്യത.
ഇതിന്‍റെ ഫലമായി 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ/ശക്തമായ മഴക്ക് സാധ്യതയുണ്ട്. 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

