ദുരിതപ്പെയ്ത്ത്; കനത്ത മഴ തുടരുന്നു, ഇന്നലെ അഞ്ച് മരണം, ട്രെയിനുകൾ വൈകിയോടുന്നു
text_fieldsകനത്ത മഴയിൽ വെള്ളം കയറിയ കോഴിക്കോട്-പറയഞ്ചേരി റോഡ്
കോഴിക്കോട്: സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുന്നു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് അതി ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ സാഹചര്യമാണെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകൾ ഓറഞ്ച് അലർട്ടിലും മറ്റ് ജില്ലകൾ യെല്ലോ അലർട്ടിലുമാണ്. റെയിൽവേ ട്രാക്കിൽ ഇന്നലെ രാത്രി പലയിടത്തായി മരങ്ങൾ വീണ് തടസ്സം നേരിട്ട സാഹചര്യത്തിൽ ട്രെയിനുകൾ വൈകിയോടുകയാണ്.
ഇന്നലെ മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ അഞ്ചുപേരാണ് മരിച്ചത്. കൊല്ലം പട്ടാഴിയിൽ മരച്ചില്ല ഒടിഞ്ഞുവീണ് ഗൃഹനാഥൻ മരിച്ചു. പട്ടാഴി മയിലാടുംപാറ പാറമൂട്ടിൽ ബൈജു വർഗീസാണ് (51) മരിച്ചത്. കാറ്റിൽ വീടിന് മുറ്റത്തെ ഒടിഞ്ഞുതൂങ്ങിയ മരം മുറിച്ചുമാറ്റുന്നതിനിടെ, മരക്കൊമ്പ് ദേഹത്ത് വീഴുകയായിരുന്നു. ആലപ്പുഴ ബീച്ചിൽ ശക്തമായ കാറ്റിൽ താൽക്കാലിക കട തകർന്ന് പെൺകുട്ടി മരിച്ചു. പള്ളാതുരുത്തി സ്വദേശി നിത്യ (18) യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശിന് (24) സാരമായി പരിക്കേറ്റു. കാറ്റും മഴയുമുണ്ടായപ്പോൾ മഴകൊള്ളാതിരിക്കാൻ കടയുടെ അരികിൽ നിന്നതായിരുന്നു. കൊല്ലം തങ്കശ്ശേരിയിൽ കടലിൽ കുളിക്കുന്നതിനിടെ, കാണാതായ മുദാകര സ്വദേശി ലാഗേഷിന്റെ മൃതദേഹം കണ്ടെത്തി.
എറണാകുളത്ത് കൂത്താട്ടുകുളം പാലക്കുഴയിൽ പൊട്ടിവീണ വൈദ്യുതി കമ്പി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് വയോധികനും മൂവാറ്റുപുഴയിൽ ഒഴുക്കിൽപെട്ട് യുവാവും മരിച്ചു. നടപ്പുവഴിയിൽ പൊട്ടി വീണ വൈദ്യുതി കമ്പി മാറ്റിവെക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കുഴ കിഴക്കേക്കര വീട്ടിൽ വെള്ളാനി (80) ആണ് മരിച്ചത്. വീടിന് മുന്നിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്നാണ് ഷോക്കേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൂവാറ്റുപുഴയിൽ പുഴയോരത്തെ പറമ്പിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയ പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫ് (38) ആണ് ഒഴുക്കിൽപെട്ട് മരിച്ചത്. ഞായറാഴ്‌ച രാത്രി ഏഴ് മണിയോടെ മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട പെരുമ്പല്ലൂർ കുറ്റിയറ ജോബിൻ ജോസഫിന്‍റെ (38) മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ പിറവത്തിനടുത്ത പാഴൂരിൽ മണപുറത്താണ് അടിഞ്ഞത്.
റെയിൽവേ ട്രാക്കിൽ മരങ്ങൾ വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് കോഴിക്കോട് കല്ലായിക്കും ഫറോക്കിനും ഇടയിൽ അരീക്കാട്, നല്ലളം പൊലീസ് സ്റ്റേഷനടുത്തുള്ള ആന റോഡ് ഉള്ളിശേരികുന്ന് ഭാഗത്തെ റെയിൽവേ ട്രാക്കിൽ ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയും മരങ്ങളും വീണത്. ലൈൻ തകർന്ന് വൈദ്യുതിബന്ധം മുറിഞ്ഞതിനാൽ ഷൊർണൂർ-മംഗളൂരു പാതയിൽ ട്രെയിൻ ഗതാഗതം മണിക്കൂറുകളോളം നിലക്കുകയായിരുന്നു. ഗതാഗതം പുന:സ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയോടുകയാണ്. തിരുവല്ല - ചങ്ങനാശ്ശേരി പാതയിലും, തൃശൂർ-ഗുരുവായൂർ പാതയിലും, തിരുവനന്തപുരം-ഇടവ റെയിൽവേ പാതയിലും തിങ്കളാഴ്ച മരങ്ങൾ കടപുഴകി.
കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാറാത്തവാഡക്കു മുകളിലായി ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

