വൂണ്ട് സർട്ടിഫിക്കറ്റിൽ ഗുരുതര വീഴ്‌ച; പുതിയ സർക്കുലറുമായി ആരോഗ്യ വകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ചില ഡോക്ടർമാർ വൂണ്ട് സർട്ടിഫിക്കറ്റ് തയാറാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഔദ്യോഗികമായി ആരോഗ്യ വകുപ്പിനെ അറിയിച്ചു. ഇത് സംബന്ധിച്ച് മലപ്പുറം താനൂർ സ്വദേശിനിയും സർക്കാർ മെഡിക്കൽ ഓഫിസറുമായ ഡോ. കെ. പ്രതിഭ നൽകിയ പരാതി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ പരിശോധിച്ച ശേഷം ആവശ്യമായ നിർദേശത്തോടെ ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് കേരളത്തിലെ സർക്കാർ ഡോക്ടർമാർക്ക് പുതിയ സർക്കുലർ പുറപ്പെടുവിച്ച് കർശന നിർദേശം നൽകി.
അക്രമം നടത്തിയതായി ആരോപിക്കപ്പെടുന്നവരുടെ പേര് രേഖപ്പെടുത്താതിരിക്കുക, പരിക്കുകളുടെ സ്വഭാവം വായിച്ചെടുക്കാൻ കഴിയാത്തവിധം വ്യക്തതയില്ലാതെ എഴുതുക, പരിക്കുകൾക്ക് കാരണമായ വിവരങ്ങൾ അപൂർണമായി നൽകുക തുടങ്ങിയ പോരായ്മകൾ ക്രിമിനൽ കേസുകളുടെ അന്വേഷണത്തെയും പ്രോസിക്യൂഷൻ നടപടികളെയും നീതി നിർവഹണത്തെയും പ്രതികൂലമായി ബാധിക്കുന്നതായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് നൽകിയ കത്തിൽ ഡോ. കെ. പ്രതിഭ ചൂണ്ടിക്കാട്ടിയിരുന്നു.
വൂണ്ട് സർട്ടിഫിക്കറ്റ് തയാറാക്കുന്നതിൽ മെഡിക്കോ ലീഗൽ പ്രോട്ടോകോൾ നിഷ്കർഷിക്കുന്ന നിർദിഷ്ട മാതൃകയിൽ നിന്നോ നിർദേശങ്ങളിൽ നിന്നോ ഏതൊരു വീഴ്ചയോ മാറ്റങ്ങളോ നീതി നിർവഹണത്തെ ബാധിച്ചാൽ അത് വളരെ ഗൗരവമായി കാണുമെന്നും പ്രസ്തുത കാര്യം മുഴുവൻ സർക്കാർ ഡോക്ടർമാരുടെയും ശ്രദ്ധയിൽ പെടുത്തി അടിയന്തിരമായി നടപ്പാക്കണമെന്ന് എല്ലാ ജില്ല മെഡിക്കൽ ഓഫിസർമാർക്കും നൽകിയ സർക്കുലറിൽ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

