കാസർകോട് പുതിയ കോളജിന് സർക്കാർ നൽകിയ ഭരണാനുമതിയും കണ്ണൂർ വാഴ്സിറ്റി നടപടികളും റദ്ദാക്കി
text_fieldsകൊച്ചി: കാസർകോട് പടന്നയിൽ ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാൻ സർക്കാർ നൽകിയ ഭരണാനുമതിയും കണ്ണൂർ സർവകലാശാലയുടെ നടപടികളും ഹൈകോടതി റദ്ദാക്കി.
മതിയായ സൗകര്യങ്ങളില്ലാതെ പുതിയ കോളജ് തുടങ്ങാൻ അനുമതി നൽകുന്ന കാര്യത്തിൽ സർവകലാശാല വി.സി അധികാര പരിധി മറികടന്നെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
മതിയായ ഭൂമിയില്ലാതിരുന്നിട്ടും ടി.കെ.സി എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് പുതിയ സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളജ് തുടങ്ങാൻ അനുമതി നൽകുന്നതിനെതിരെ ഷറഫ് ആർട്‌സ് ആൻഡ് സയൻസ് കോളജ് കമ്മിറ്റി നൽകിയ ഹരജിയിലാണ് ഉത്തരവ്. കോളജിന് അനുമതി നൽകുന്നത് സംബന്ധിച്ച് സർവകലാശാല വി.സി നൽകിയ കുറിപ്പുകളും വി.സിയുടെ നിർദേശ പ്രകാരം നിയോഗിച്ച പരിശോധന സംഘത്തിന്‍റെ റിപ്പോർട്ടും റദ്ദാക്കി.
പുതിയ കോളജിന് ടി.കെ.സി ട്രസ്റ്റ് നൽകിയ അപേക്ഷ സർവകലാശാല നിയമങ്ങളനുസരിച്ച് വീണ്ടും പരിഗണിച്ച് നിയമപരമായി തീർപ്പാക്കാനും കോടതി നിർദേശിച്ചു.
പുതിയ കോളജ് തുടങ്ങാൻ കുറഞ്ഞത് അഞ്ചേക്കർ ഭൂമി വേണമെന്നിരിക്കെ ടി.കെ.സി ട്രസ്റ്റിന് മൂന്നേക്കർ സ്ഥലം മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഹരജിക്കാർ വ്യക്തമാക്കിയിരുന്നു. മതിയായ ഭൂമിയില്ലാതെയാണ് അപേക്ഷ നൽകിയതെന്ന് രേഖകളിൽ വ്യക്തമായിട്ടും അനുമതി നൽകുന്നതിനുള്ള നടപടികളുമായി വൈസ് ചാൻസലർ മുന്നോട്ടു പോയത് തെറ്റാണെന്നും കൂടുതൽ ഭൂമി ഉടൻ ലഭ്യമാക്കുമെന്ന് വ്യക്തമാക്കി കോളജ് നൽകിയ കത്തു പരിഗണിക്കരുതായിരുന്നെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

