ബാലഭാസ്കറിന്റെ അപകട മരണം: സി.ബി.ഐ തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവ്
text_fieldsകൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ തുടരന്വേഷണത്തിന് വീണ്ടും ഹൈകോടതി ഉത്തരവ്. അഡീ. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം. രണ്ടാഴ്ചക്കകം പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കണമെന്നും ജസ്റ്റിസ് ജി. ഗിരീഷ് നിർദേശിച്ചു. തുടരന്വേഷണ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ ബാലഭാസ്കറിന്റെ മാതാപിതാക്കളായ കെ.സി. ഉണ്ണിയും ബി. ശാന്തകുമാരിയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2018 സെപ്റ്റംബർ 25ന് പുലർച്ചെ പള്ളിപ്പുറത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചത്. സാധാരണ അപകടമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയത്.
എന്നാൽ, സ്വർണക്കടത്ത് സംഘത്തിന് അപകടത്തിൽ പങ്കുണ്ടെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്ന് തുടരന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. തുടരന്വേഷണം നടത്തിയ സി.ബി.ഐ ഇൻസ്പെക്ടർ, പഴയ നിഗമനങ്ങളിൽ തന്നെയാണ് എത്തിയത്. ഹൈകോടതി ഉത്തരവായിട്ട് പോലും ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനേക്കാൾ കുറഞ്ഞ റാങ്കിലുള്ള ഇൻസ്പെക്ടറെ തുടരന്വേഷണം ഏൽപിച്ച നടപടിയെ സിംഗിൾബെഞ്ച് രൂക്ഷമായി വിമർശിച്ചു.
ബാലഭാസ്കറിന്റെ മൊബൈൽ ഫോൺ സുഹൃത്ത് പ്രകാശ് തമ്പി കൈക്കലാക്കി മാസങ്ങളോളം സൂക്ഷിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന മാതാപിതാക്കളുടെ സംശയം തള്ളിക്കളയാനാവില്ല.
ഇതടക്കം ഹൈകോടതി ചൂണ്ടിക്കാട്ടിയ സംശയാസ്പദമായ 20 സാഹചര്യങ്ങൾ ഗൗരവമായി പരിശോധിക്കുന്നതിൽ അന്വേഷണ സംഘം പരാജയപ്പെട്ടു. കലാഭവൻ സോബി ജോർജിന്റെ വെളിപ്പെടുത്തലുകൾ പരിശോധിക്കാൻ നുണപരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കുന്നതിൽ സി.ബി.ഐ വീഴ്ച വരുത്തിയെന്നും കോടതി കുറ്റപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

